BREAKINGKERALANATIONAL

അന്നാ സെബാസ്റ്റ്യന്റെ മരണം; ഇ വൈ ഓഫീസില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ച് തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍

ദില്ലി: അന്നാ സെബ്യാസ്റ്റന്റെ മരണത്തില്‍ അന്വേഷണം നടത്തുന്ന തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പൂനെയിലെ ഇ വൈ ഓഫീസില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. അടുത്ത ആഴ്ച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും. അതേസമയം, സംഭവത്തില്‍ തന്റെ പ്രസ്താവന വളച്ചൊടിച്ച് പ്രതിപക്ഷമാണ് അന്നയെ അപമാനിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആരോപിച്ചു
അന്നയുടെ മരണത്തില്‍ ഏണസ്റ്റ് ആന്റ് യങ് കമ്പനിയുടെ ഭാഗത്ത് വീഴ്ച്ച ഉണ്ടായാല്‍ കര്‍ശന നടപടിയെന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രി ഇന്നലെ പ്രതികരിച്ചത്. മന്ത്രാലയം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നാല് ഉദ്യോഗസ്ഥര്‍ പൂനെയിലെ കമ്പനി ഓഫീസില്‍ എത്തിയത്. മഹാരാഷ്ട്ര തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ ജീവനക്കാരുടെ മൊഴി എടുത്തോ എന്നതില്‍ വ്യക്തതയില്ല. പൂനെയില്‍ പ്രവര്‍ത്തിക്കാനുള്ള കമ്പനിയുടെ ലൈസന്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജീവനക്കാര്‍ക്കായുള്ള ക്ഷേമ പദ്ധതികളുടെ വിശദാംശം അന്നയുടെ കമ്പനിയിലെ രേഖകള്‍ എന്നിവ ശേഖരിച്ചെന്നാണ് വിവരം. ഏഴ് ദിവസത്തിനകം മറുപടി നല്‍കാനാണ് മഹരാഷ്ട്ര തൊഴില്‍ വകുപ്പ് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ പരിശോധനയെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തെ അന്നാ സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പതിനാല് ദിവസത്തിനകം മറുപടി നല്‍കാന്‍ കേന്ദ്രത്തിന് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധ്യാന മുറികള്‍ വേണം, തൊഴില്‍ സമ്മര്‍ദ്ദം നേരിടാന്‍ കുടുംബങ്ങളും സ്ഥാപനങ്ങളും യുവാക്കളെ പരിശീലിപ്പിക്കണം തുടങ്ങിയ കേന്ദ്ര ധനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ നേരത്തെ വന്‍ വിവാദമായിരുന്നു. ആരുടെയും പേരെടുത്ത് പറഞ്ഞ് അപമാനിച്ചിട്ടില്ലെന്നും പ്രതിപക്ഷം അനാവശ്യ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് ഇന്നലെ ധനമന്ത്രി നല്‍കിയ വിശദീകരണം.

Related Articles

Back to top button