BREAKING NEWSNATIONAL

അമിത് ഷായുമായി ചര്‍ച്ചനടത്തി; ജോലിയില്‍ തിരികെ പ്രവേശിച്ച് താരങ്ങള്‍

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അറസ്റ്റാവശ്യപ്പെട്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ചനടത്തി. ശനിയാഴ്ച രാത്രി 11 മണിയോടെ ഷായുടെ വസതിയിലായിരുന്നു ഒരു മണിക്കൂര്‍നീണ്ട കൂടിക്കാഴ്ച. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുപറയാന്‍ താരങ്ങളോ സര്‍ക്കാര്‍ വൃത്തങ്ങളോ തയ്യാറായിട്ടില്ല.
ഗുസ്തിതാരങ്ങളായ ബജ്രംഗ് പൂണിയ, സംഗീത ഫൊഗട്ട്, സാക്ഷി മാലിക്, സാക്ഷിയുടെ ഭര്‍ത്താവ് സത്യവ്രത് കദിയാന്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ബ്രിജ് ഭൂഷണെതിരേ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടതായാണ് സൂചന. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് അമിത് ഷാ താരങ്ങള്‍ക്ക് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
കൂടിക്കാഴ്ചയില്‍ തീരുമാനങ്ങളുണ്ടായിട്ടില്ലെന്ന് സാക്ഷി മാലിക് പിന്നീട് പറഞ്ഞു. ആവശ്യങ്ങള്‍ വിശദീകരിച്ചെങ്കിലും പ്രതീക്ഷിച്ച പ്രതികരണം മന്ത്രിയില്‍നിന്ന് ലഭിച്ചില്ലെന്ന് സത്യവ്രത് കദിയാനും പ്രതികരിച്ചു.
സമരം നയിക്കുന്ന സാക്ഷി മാലിക്, ബജ്രംഗ് പൂണിയ, വിനേഷ് ഫൊഗട്ട് എന്നിവര്‍ തിങ്കളാഴ്ച റെയില്‍വേയിലെ ജോലിയില്‍ തിരികെ പ്രവേശിച്ചു. റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരാണിവര്‍. സമരത്തില്‍നിന്ന് പിന്‍വാങ്ങിയാണ് ജോലിയില്‍ തിരികെ പ്രവേശിച്ചതെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നതോടെ ആരോപണങ്ങള്‍ നിഷേധിച്ച് സാക്ഷി മാലിക് രംഗത്തുവന്നു. ജോലിചെയ്യുന്നതിനോടൊപ്പം സമരവും തുടരുമെന്നും ഭീഷണിവേണ്ടെന്നും ട്വീറ്റുകളുമായി മറ്റ് താരങ്ങളും അണിനിരന്നു.
‘നീതിക്കായുള്ള പോരാട്ടത്തില്‍ ഞങ്ങളാരും പിന്മാറിയിട്ടില്ല, പിന്മാറുകയുമില്ല. സത്യാഗ്രഹത്തോടൊപ്പം റെയില്‍വേയിലെ ഉത്തരവാദിത്ത്വവും നിറവേറ്റുകയാണ്. നീതി ലഭിക്കുംവരെ ഞങ്ങളുടെ പോരാട്ടം തുടരും. ദയവുചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്’ -എന്ന വിശദീകരണമാണ് സാക്ഷി മാലിക് ട്വീറ്റില്‍ നല്‍കിയത്.
‘ഞങ്ങളുടെ മെഡലുകള്‍ക്ക് ഓരോന്നിനും 15 രൂപ വിലയുണ്ടെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഞങ്ങളുടെ ജോലിക്കുപിന്നാലെയാണ്. ഞങ്ങളുടെ ജീവിതം അപകടത്തിലാണ്. ഒരു ജോലി അതിന്റെമുന്നില്‍ വളരെ ചെറിയ കാര്യമാണ്. ജോലി നീതിയുടെ വഴിയില്‍ തടസ്സമാണെന്നു കണ്ടാല്‍ ഉപേക്ഷിക്കാന്‍ പത്തുസെക്കന്‍ഡുപോലും എടുക്കില്ലെന്നും ഭീഷണിവേണ്ടെന്നും ബജ്രംഗ് പുണിയയും വിനീഷും ട്വീറ്റ് ചെയ്തു.

Related Articles

Back to top button