ഓഫീസിലെ ആഘോഷ പരിപാടിക്ക് മുതിര്‍ന്ന പുരുഷ സഹപ്രവര്‍ത്തകന്‍ ചുംബിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വിയറ്റ്‌നാം സ്വദേശിയായ യുവതി ജോലി രാജിവച്ചു. കമ്പനിയുടെ ഒരു നിര്‍ബന്ധിത ആഘോഷ പരിപാടിയിലാണ് മേലുദ്യോഗസ്ഥന്‍ യുവതിയോട് തന്നെ ചുംബിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് ആരോപണം. ചുംബിക്കാന്‍ തയ്യാറാവാതിരുന്ന യുവതി ജോലി രാജി വയ്ക്കുകയായിരുന്നു. ഈ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴയോ അധികജോലിയോ നല്‍കുന്നതായിരുന്നു കമ്പനിയുടെ രീതി. ഇത് ഭയന്ന് ജീവനക്കാര്‍ മുഴുവന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമായിരുന്നു.
സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് വിയറ്റ്‌നാം സ്വദേശിനിയായ ഹ്യൂന്‍ ആന്‍ എന്ന യുവതിക്കാണ് ഇത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടായതിനെ തുടര്‍ന്ന് ജോലി രാജിവെക്കേണ്ടിവന്നത്. ഹനോയിലെ ഒരു കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തു വന്നിരുന്നത്. എല്ലാമാസവും കൃത്യമായ ഇടവേളകളില്‍ കമ്പനിയിലെ മുഴുവന്‍ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ആഘോഷ പരിപാടിയിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.
കമ്പനിയിലെ ജീവനക്കാര്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കിലും ഒരുതരം റാഗിങ് ആയാണ് തനിക്ക് ഈ ആഘോഷ പരിപാടി അനുഭവപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ ഗെയിമുകള്‍ ആണ് പരിപാടിയിലെ പ്രധാന ഇവന്റ്. ഏതെങ്കിലും ഗെയിമില്‍ പരാജയപ്പെട്ടാല്‍ മനുഷ്യത്വരഹിതമായ ശിക്ഷകളാണ് നല്‍കിയിരുന്നത് എന്നും യുവതി പറയുന്നു. അത്തരത്തില്‍ ഒരു ഗെയിമില്‍ നിര്‍ബന്ധിതമായി തന്നെ പങ്കെടുപ്പിച്ചുകൊണ്ട് പരാജയപ്പെട്ടാല്‍ ശിക്ഷയായി മേലുദ്യോഗസ്ഥനെ ചുംബിക്കണമെന്ന് തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഹ്യൂന്‍ ആന്‍ പറയുന്നത്.
മൂന്നു ഗ്ലാസ് മദ്യം ഒറ്റയടിക്ക് കുടിക്കുക എന്നതായിരുന്നു യുവതിക്ക് നല്‍കിയ ഗെയിം. മേലുദ്യോഗസ്ഥന്റെ ചുംബന ഭീഷണിയെ ഭയന്ന് താന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മൂന്നു ഗ്ലാസ് മദ്യം കുടിച്ചുവെന്നും അതിനുശേഷം അയാള്‍ മറ്റൊരു പെണ്‍കുട്ടിയുടെ അടുത്തേക്ക് അതേ ആവശ്യവുമായി ചെന്നുവെന്നും ഹ്യൂന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തിനുശേഷം തനിക്ക് ദിവസങ്ങളോളം ഭയവും ഉത്കണ്ഠയും ആയിരുന്നുവെന്നും തന്റെ സഹപ്രവര്‍ത്തകരെ അഭിമുഖീകരിക്കാന്‍ പോലുമുള്ള ധൈര്യം ഇല്ലായിരുന്നുവെന്നും യുവതി പറയുന്നു. തന്റെ സൂപ്പര്‍വൈസറെ ഈ ദുരനുഭവത്തെക്കുറിച്ച് അറിയിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും ഒടുവില്‍ താന്‍ ജോലി രാജിവെക്കുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. എന്തിനാണ് ഇത്തരത്തിലുള്ള ആഭാസകരമായ പ്രവൃത്തികള്‍ ഒരു തൊഴില്‍ സ്ഥാപനത്തില്‍ നടത്തുന്നത് എന്ന തനിക്ക് മനസ്സിലാകുന്നില്ല എന്നും അവര്‍ പറഞ്ഞു.
വിയറ്റ്‌നാമില്‍, ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളില്‍ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്നാല്‍ അവരുടെ തൊഴില്‍ കരാര്‍ ഏകപക്ഷീയമായി അവസാനിപ്പിക്കാം, കുറ്റവാളികള്‍ക്ക് $1,200 വരെ പിഴ ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ ഒരു ലക്ഷത്തോളം വരും ഇത്.
73 1 minute read