പാരമ്പര്യ വിശ്വാസത്തിന്റെ ഭാഗമായി ഒരു മുടക്കവും വരുത്താതെ ഒരോ നാട്ടിലെ ജനങ്ങളും ചെയ്യുന്ന ചില ആചാരങ്ങളുണ്ട്. അവ എന്തിനാണെന്നൊന്നും ആലോചിക്കാതെ നൂറ്റാണ്ടുകളായി ജനങ്ങള്‍ അത്തരം ചില ആചാരങ്ങള്‍ പിന്തുടരുന്നു. അത്തരത്തില്‍ ലോകമെങ്ങും നില്‍ക്കുന്ന ഒരു ആചാരമാണ് തങ്ങള്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ക്കോ ദൈവ സാന്നിധ്യമുണ്ടെന്ന് കരുതുന്ന സ്ഥലങ്ങള്‍ക്കോ മുന്നിലേക്ക് നാണയങ്ങള്‍ വലിച്ചെറിയുക എന്നത്. ഇത്തരത്തില്‍ വിനോദ സഞ്ചാരികള്‍ വലിച്ചെറിയുന്ന നാണയങ്ങള്‍ പരിസ്ഥിതി നാശം വരുത്തുന്നതായി ജപ്പാനില്‍ നിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജപ്പാനിലെ യമനാഷി പ്രവിശ്യയിലെ എട്ട് നീരുറവകളുടെ കൂട്ടമായ ഒഷിനോ ഹക്കായ് ആണ് ഇത്തരത്തില്‍ പരിസ്ഥിതിക്ക് ഭീഷണി നേരിടുന്ന വിനോദ സഞ്ചാര കേന്ദ്രം. ഫുജി പര്‍വതത്തില്‍ നിന്നും ഒഴുകി വരുന്ന ചെറു അരുവികള്‍ കൊണ്ട് രൂപം കൊണ്ട ഒഷിനോ ഹക്കായ് പ്രകൃതിദത്തമായ ഒരു അത്ഭുതമായി കണക്കാക്കുകയും 2013 -ല്‍ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തുകയും ചെയ്തു. വിനോദ സഞ്ചാരികള്‍ കുളങ്ങളിലേക്ക് നാണയങ്ങള്‍ എറിയരുതെന്ന് ജാപ്പനീസ്, ഇംഗ്ലീഷ്, ചൈനീസ്, കൊറിയന്‍ എന്നീ നാല് ഭാഷകളില്‍ എഴുതിയിട്ടുണ്ടെങ്കിലും വിനോദ സഞ്ചാരികള്‍ പക്ഷേ, തങ്ങളുടെ പതിവ് തെറ്റിക്കാതെ ഇപ്പോഴും നാണയങ്ങള്‍ എറിയുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. ഈ ജലാശയങ്ങള്‍ക്കുള്ളില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടിയ അവസ്ഥയാണ് ഇപ്പോള്‍.
വര്‍ഷങ്ങളായി സ്വമേധയാ നാണയങ്ങള്‍ നീക്കം ചെയ്യുന്ന സകാമോട്ടോ എന്ന ഡൈവര്‍ പറയുന്നതനുസരിച്ച്, ചില നാണയ കൂനകള്‍ക്ക് ഒരു മീറ്ററോളം ഉയരമുണ്ടെന്നാണ്. ജലാശയത്തിനുള്ളിലെ ചെളിയില്‍ പൂണ്ടു പോയ നാണയങ്ങള്‍ പുറത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറയുന്നു. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴി തുറക്കുന്നതിനാല്‍ ഇവിടെ നാണയങ്ങള്‍ നിക്ഷേപിക്കുന്നത് ഇപ്പോള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വര്‍ഷങ്ങളുടെ പഴക്കമുള്ള പ്രവര്‍ത്തിയായതിനാല്‍ നാണയം നിറഞ്ഞതോടെ ജലാശയത്തിനുള്ളില്‍ സ്വാഭാവികമായി വളര്‍ന്നിരുന്ന പല സസ്യങ്ങളും ഇപ്പോള്‍ പൂര്‍ണ്ണമായും നശിച്ചു പോയതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജപ്പാനിലെ കള്‍ച്ചറല്‍ പ്രോപ്പര്‍ട്ടീസ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം, ഓഷിനോ ഹക്കായിയിലേക്ക് നാണയങ്ങള്‍ എറിയുന്ന ആളുകള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ ഒരു ദശലക്ഷം യെന്‍ (അഞ്ചേ മുക്കാല്‍ ലക്ഷെ രൂപ) വരെ പിഴയോ ലഭിക്കും.
140 1 minute read