BREAKINGENTERTAINMENTNATIONAL

പവിത്ര ദര്‍ശന്റെ ഭാര്യയല്ല, സുഹൃത്ത് മാത്രം; പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ച് ദര്‍ശന്റെ ഭാര്യ

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ അറസ്റ്റിലായ കന്നട നടന്‍ ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചു. കേസിലെ ഒന്നാം പ്രതി പവിത്ര ഗൗഡ ദര്‍ശന്റെ ഭാര്യയല്ലെന്നും സുഹൃത്താണെന്നുമാണ് വിജയലക്ഷ്മിയുടെ കത്തില്‍ പറയുന്നത്.
പവിത്ര ഗൗഡയെ ദര്‍ശന്റെ ഭാര്യ എന്നാണ് പോലീസ് വാര്‍ത്താസമ്മേളനത്തില്‍ വിശേഷിപ്പിച്ചത്. അത് ശരിയല്ലെന്ന് വിജയലക്ഷ്മി കുറിച്ചു. കര്‍ണാടക ആഭ്യന്തരമന്ത്രിയും സമാനമായ തെറ്റാവര്‍ത്തിച്ചു. ദേശീയ മാധ്യമങ്ങള്‍ പവിത്രയെയും ദര്‍ശനെയും ദര്‍ശന്‍ കപ്പിള്‍ എന്നാണ് വിശേിപ്പിച്ചത്. ഇത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. രേഖകള്‍ പ്രകാരം താനാണ് ദര്‍ശന്റെ ഭാര്യ. 1993 ലായിരുന്നു തങ്ങളുടെ വിവാഹം. സഞ്ജയ് സിംഗ് ആയിരുന്നു പവിത്രയുടെ ഭര്‍ത്താവ്. അവര്‍ക്കൊരു മകളുമുണ്ട്. പവിത്ര ദര്‍ശന്റെ സുഹൃത്ത് മാത്രമാണ്, ഭാര്യയല്ല. ഈ തെറ്റുതിരുത്തണമെന്ന് അപേക്ഷിക്കുന്നു- വിജയലക്ഷ്മി കത്തില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പത്ത് വര്‍ഷത്തോളമായി ദര്‍ശനും പവിത്രയും തമ്മില്‍ ബന്ധമുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദര്‍ശന്റെ ഭാര്യയായ വിജയലക്ഷ്മിയും പവിത്രയും സോഷ്യല്‍ മീഡിയയില്‍ വാക്ക്‌പോരും നടത്തിയിരുന്നു. ദര്‍ശനൊപ്പമുള്ള ചിത്രം പവിത്ര ഫെയ്‌സ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയുമെല്ലാം പ്രൊഫൈല്‍ ഫോട്ടോ ആക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇത് കന്നഡ ചലച്ചിത്രലോകത്ത് ചര്‍ച്ചാവിഷയമായി. ആരാധകരും പവിത്രയ്‌ക്കെതിരേ തിരിഞ്ഞു. തുടര്‍ന്ന് നടി ഈ ചിത്രങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ജനുവരിയില്‍ പവിത്ര വീണ്ടും ഒരു ഇന്‍സ്റ്റഗ്രാം റീല്‍ പങ്കുവെച്ചു. ദര്‍ശനൊപ്പമുള്ള പ്രണയനിമിഷങ്ങളുടെ ചിത്രങ്ങളായിരുന്നു ഈ റീല്‍ നിറയെയുണ്ടായിരുന്നത്. ദര്‍ശനൊപ്പമുള്ള ജീവിതം 10 വര്‍ഷം പൂര്‍ത്തിയായെന്നും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും റീലിനൊപ്പം പവിത്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ റീലിന് പിന്നില്‍ ഒരു കാരണം കൂടിയുണ്ടായിരുന്നു. ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘ഇതാണ് ഞങ്ങള്‍. ഞങ്ങളുടെ ഒരേയൊരാളോടൊപ്പം. കുടുംബമാണ് എല്ലാം’ എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് പവിത്ര ദര്‍ശനൊപ്പമുള്ള ചിത്രങ്ങളുടെ റീല്‍ പോസ്റ്റ് ചെയ്തത്.
ഇത് വിജയലക്ഷ്മിക്ക് വലിയ നാണക്കേടാണുണ്ടാക്കിയത്. ഭര്‍ത്താവ് സഞ്ജയ് സിങ്ങിനും മകള്‍ ഖുശി ഗൗഡയ്ക്കുമൊപ്പമുള്ള പവിത്രയുടെ ചിത്രം പോസ്റ്റ് ചെയ്താണ് വിജയലക്ഷ്മി ഇതിനോട് പ്രതികരിച്ചത്. മറ്റൊരാളുടെ ഭര്‍ത്താവുമൊന്നിച്ചുള്ള റീല്‍ പങ്കുവെയ്ക്കുന്നതിന് മുമ്പ് ഈ സ്ത്രീ വിവാഹിതയാണെന്ന കാര്യം ഓര്‍മിക്കുന്നത് നല്ലതായിരിക്കുമെന്നും സ്വന്തം താത്പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുംവേണ്ടി തന്റെ ഭര്‍ത്താവിനെ ഈ സ്ത്രീ ഉപയോഗിക്കുകയാണെന്നും വിജയലക്ഷ്മി ഈ പോസ്റ്റില്‍ പറയുന്നു. തന്റെ കുടുംബത്തിനുവേണ്ടി ശബ്ദമുയര്‍ത്തേണ്ട സമയമാണിതെന്നും പവിത്രയ്‌ക്കെതിരെ നിമയപരമായി നീങ്ങുമെന്നും വിജയലക്ഷ്മി പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇത്രയും ചര്‍ച്ചകളും വിവാദങ്ങളുമുണ്ടായിട്ടും ദര്‍ശന്‍ ഇക്കാര്യത്തില്‍ യാതൊരുവിധ പ്രതികരണവും നടത്തിയിരുന്നില്ല. നേരത്തെ ദര്‍ശന്റെ പിറന്നാള്‍ ദിവസത്തില്‍ പവിത്ര ഗൗഡ പാര്‍ട്ടി നടത്തിയിരുന്നു. പവിത്രയുടെ മകളുടെ പിറന്നാള്‍ ദിവസം ദര്‍ശന്‍ വീട്ടിലെത്തുകയും പവിത്രയുടെ മകള്‍ക്കൊപ്പം ഡാന്‍സ് കളിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോകളെല്ലാം പവിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
അതേ സമയം ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ ദര്‍ശനും പവിത്രയുമടക്കം ഇതുവരെ 17 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. പവിത്രയ്ക്കെതിരേ സാമൂഹിക മാധ്യമത്തില്‍ മോശം കമന്റുകളിട്ടതും അശ്ലീല സന്ദേശങ്ങള്‍ അയച്ചതുമാണ് രേണുകാസ്വാമിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.
ചിത്രദുര്‍ഗയില്‍നിന്ന് ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോയ രേണുകാസ്വാമിയെ ഒരു ഷെഡ്ഡില്‍വെച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. വടികൊണ്ടും മറ്റും യുവാവിനെ നിരന്തരം മര്‍ദിച്ചു. കെട്ടിയിട്ടും ഉപദ്രവം തുടര്‍ന്നു. പിന്നാലെ യുവാവിനെ ഷോക്കേല്‍പ്പിച്ചതായും പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രേണുകാസ്വാമിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ ഷെഡ്ഡില്‍ പവിത്രയും എത്തിയിരുന്നതായാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പവിത്ര യുവാവിനെ ചെരിപ്പ് കൊണ്ട് അടിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ പ്രധാന തെളിവുകളായ ചെരിപ്പുകളും ദര്‍ശന്റെ ഉള്‍പ്പെടെ വസ്ത്രങ്ങളും പവിത്ര ഗൗഡയുടെ വീട്ടില്‍നിന്നാണ് പോലീസ് കണ്ടെടുത്തത്.
യുവാവിനെ കൊലപ്പെടുത്തിയശേഷം കുറ്റം ഏറ്റെടുക്കാനും തെളിവ് നശിപ്പിക്കാനുമായി കൂട്ടുപ്രതികള്‍ക്ക് ദര്‍ശന്‍ പണം നല്‍കിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിനായി 40 ലക്ഷം രൂപ ഒരു സുഹൃത്തില്‍നിന്ന് ദര്‍ശന്‍ കടം വാങ്ങിയതായാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതില്‍ 37.4 ലക്ഷം രൂപയും നടന്റെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Related Articles

Back to top button