ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയോടെ അമര്‍നാഥ് യാത്രയ്ക്ക് തുടക്കമായി. ജമ്മുവിലെ അമര്‍നാഥ് ബേസ് ക്യാമ്പില്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ആദ്യ സംഘത്തെ ഫ്ളാഗ് ഓഫ് ചെയ്തു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടനയാത്രയുടെ ഭാഗമായി ആയിരക്കണക്കിന് തീര്‍ഥാടകരാണ് ജമ്മുവിലെത്തിച്ചേര്‍ന്നത്.
തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ഇലക്ട്രോണിക് നിരീക്ഷണവും പ്രവേശനനിയന്ത്രണ ക്രമീകരണങ്ങളും ഒരുക്കിയതായി ജമ്മു പോലീസ് അറിയിച്ചു. പോലീസ്, സി.ആര്‍.പി.എഫ്., ഐ.ടി.ബി.പി. തുടങ്ങിയ സേനകളില്‍നിന്നുള്ള ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ പാതയിലുടനീളം വിന്യസിച്ചു. ഖാസിഗുണ്ട് മുതല്‍ പഹല്‍ഗാം, ബാല്‍താല്‍ ബേസ് ക്യാമ്പുകള്‍ വരെയുള്ള ദേശീയപാത സി.സി.ടി.വി. നിരീക്ഷണത്തിലാണ്.
അമര്‍നാഥ് യാത്രയ്ക്ക് രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ഥാടകര്‍ക്കായി ഷാലിമാറില്‍ സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. 1600 തീര്‍ഥാടകരാണ് ഭഗവതി-നഗര്‍ ബേസ് ക്യാമ്പിലെത്തിയത്. 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് അമര്‍നാഥ് യാത്രാസീസണ്‍. പ്രധാനമായും രണ്ട് വഴികളിലൂടെയാണ് ക്ഷേത്രത്തിലെത്താന്‍ സാധിക്കുക. അനന്ത്നാഗില്‍നിന്ന് പഹല്‍ഗാം വഴി 48 കിലോമീറ്റര്‍ പരമ്പരാഗതമാര്‍ഗമാണ് ആദ്യത്തേത്. രണ്ടാം വഴി മധ്യകശ്മീരിലെ ഗന്ദര്‍ബാള്‍ ജില്ലയിലൂടെയുള്ള 14 കിലോമീറ്റര്‍ മാത്രമുള്ള, കുത്തനെയുള്ള ബാല്‍ട്ടാല്‍ വഴിയും. ജമ്മുവിലെ ഭഗവതിനഗറാണ് ഈ യാത്രയുടെ ബേസ് ക്യാമ്പ്.
അമര്‍നാഥ് യാത്ര
ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെ ഹിമാലയന്‍ മലനിരകളില്‍ 3880 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഠിനമായ കാലാവസ്ഥയും ഹിമാലയന്‍ ഭൂപ്രകൃതിയും കാരണം ഇന്ത്യയിലെ തന്നെ ഏറ്റവും അപകടകരമായ യാത്രകളിലൊന്നുകൂടിയാണിത്. ശിവന്‍ തന്റെ അമരത്വത്തിന്റെ രഹസ്യം പാര്‍വ്വതിക്ക് വെളിപ്പെടുത്തിയ ഇടം എന്നു വിശ്വസിക്കപ്പെടുന്ന അമര്‍നാഥില്‍ വര്‍ഷത്തില്‍ പ്രത്യേക സമയത്തു മാത്രമാണ് പൂജകള്‍ നടക്കുന്നത്. പ്രകൃതി നിര്‍മിതമായ ഈ ഗുഹാ ക്ഷേത്രം വര്‍ഷത്തില്‍ കൂടുതല്‍ സമയവും മഞ്ഞുമൂടിയ നിലയിലാണ് കാണപ്പെടുന്നത്.
സര്‍ക്കാരില്‍ നിന്നും മുന്‍കൂട്ടി പ്രത്യേക അനുമതി ലഭിച്ചവര്‍ക്കു മാത്രമേ ഇവിടം സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ. വര്‍ഷത്തില്‍ മുപ്പത് മുതല്‍ 40 ദിവസം വരെയാണ് ഇവിടെ തീര്‍ഥാടനത്തിനെത്തുവാന്‍ സാധിക്കുക. ഇന്ത്യന്‍ സൈന്യത്തിന്റെ കര്‍ശനമായ സുരക്ഷയിലാണ് തീര്‍ഥാടകര്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര നടത്തുക. ചുണ്ണാമ്പുകല്ലുകള്‍ കൊണ്ട് പ്രകൃതിദത്തമായി നിര്‍മ്മിക്കപ്പെട്ടതാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. 150 അടി ഉയരവും 90 അടി വീതിയും ഈ ഗുഹയ്ക്കുണ്ട്.