BREAKINGNATIONAL

ഇന്ത്യയിലേക്ക് താമസം മാറ്റുന്നു, ‘സുരക്ഷിത നഗരം’ ഏതെന്ന് യുഎസ് യുവതി; പട്ടിക നിരത്തി ഇന്ത്യക്കാരും

ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കും യുഎസിലേക്കും കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കുമുള്ള യുവാക്കളുടെ കുടിയേറ്റവും അതിന്റെ മൂര്‍ദ്ധന്യത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം യുഎസ്, യുകെ പോലുള്ള രാജ്യങ്ങളിലെ ഉയര്‍ന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് രക്ഷതേടി അവിടെ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഒരു നിശബ്ദ കുടിയേറ്റം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റെഡ്ഡിറ്റ് സമൂഹ മാധ്യമത്തില്‍ ഒരു യുവതി സമാനമായൊരു ചോദ്യം ഉന്നയിച്ചപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ, താമസയോഗ്യമായ നഗരങ്ങളെ കുറിച്ചുള്ള പട്ടിക തന്നെ നിരത്തി.
‘മുംബൈയിലേക്കോ ഗോവയിലേക്കോ?’ എന്ന ചോദ്യത്തോടെയായിരുന്നു യുവതി തന്റെ റെഡ്ഡിറ്റ് അക്കൌണ്ടില്‍ എഴുതിയത്. ‘ഞാന്‍ യുഎസ്എയില്‍ നിന്നുള്ള 24 വയസുള്ള ഒരു യുവതിയാണ്. ഒരു വര്‍ഷത്തേക്ക് ഇന്ത്യയിലേക്ക് താമസം മാറ്റാന്‍ ഉദ്ദേശിക്കുന്നു. വിദൂരമായി ഇരുന്ന് (വര്‍ക്ക് ഫ്രം ഹോം) ജോലി ചെയ്യാനാണ് തനിക്ക് ഉദ്ദേശം. അതോടൊപ്പം ഇന്ത്യ മൊത്തമൊന്ന് കറങ്ങണം. ഇതിനെല്ലാമായി സുരക്ഷിതമായ ഒരു നഗരം തെരഞ്ഞെടുക്കാനാണ് ഉദ്ദേശമെന്നും യുവതി തന്റെ റെഡ്ഡിറ്റ് അക്കൌണ്ടിലെഴുതി. ഇതിന് പറ്റിയ നഗരം മുംബൈയാണോ ഗോവയാണോ എന്നാണ് യുവതി ചോദിച്ചത്. ഒപ്പം തനിക്ക് ചില ഹോബികളുണ്ടെന്നും അതിന് കൂടി പറ്റിയ നഗരമേതെന്നും യുവതി ചോദിച്ചു. യുവതിയുടെ കുറിപ്പിന് പിന്നാലെ ഇന്ത്യയിലെ വിവിധ നഗരങ്ങളെ കുറിച്ചും അവിടെയുള്ള മറ്റ് സാധ്യതകളെ കുറിച്ചും ഒരു ചര്‍ച്ച തന്നെ സമൂഹ മാധ്യമത്തില്‍ നടന്നു.
വ്യത്യസ്തമായ ജീവിത രീതികള്‍ അടുത്തറിയാന്‍ ഗോവയിലും മുംബൈയിലുമായി ജീവിക്കാന്‍ ചിലര്‍ നിര്‍ദ്ദേശിച്ചു. ”ബോംബെ നിങ്ങള്‍ക്കുള്ള നഗരമാണ്. പ്രവര്‍ത്തനപരമായ എല്ലാം അവിടുണ്ട്.” ഒരാള്‍ എഴുതി. ”നിങ്ങള്‍ ഇവിടേയ്ക്ക് മാറുന്നത് മുതല്‍ നിങ്ങള്‍ ജീവിക്കാന്‍ തെരഞ്ഞെടുക്കുന്ന ജീവിതത്തെ ആശ്രയിച്ചിരിക്കുന്നു, അവ രണ്ടും കഠിനമായിരിക്കും, എന്നാല്‍ മുംബൈ വളരെ വേഗതയുള്ള നഗരമാണ്, അതേ സമയം, ഗോവ മന്ദഗതിയിലുള്ള ജീവിതം നിങ്ങള്‍ക്ക് നല്‍കുന്നു.’ മറ്റൊരാള്‍ എഴുതി. ”ഞാന്‍ പറയുന്നത് മുംബൈയില്‍ താമസിക്കൂ, അതിനിടയില്‍ ആദ്യം ഗോവ സന്ദര്‍ശിക്കൂ, നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് എന്താണെന്ന് നോക്കൂ. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള നിങ്ങളുടെ ഹോബികളും പ്രവര്‍ത്തനങ്ങളും അനുസരിച്ച്, മുംബൈ നിങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമാകുമെന്ന് ഞാന്‍ കരുതുന്നു, ‘ മറ്റൊരാള്‍ എഴുതി. പലരും സൂചിപ്പിച്ചത് മുംബൈയുടെ തിരക്കിനെ കുറിച്ചും ഗോവയുടെ ശാന്തതയെ കുറിച്ചുമായിരുന്നു.

Related Articles

Back to top button