BREAKINGNATIONAL
Trending

ഉത്തര്‍പ്രദേശില്‍ മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: ഉത്തര്‍പ്രദേശ് ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തി (എന്‍ഐസിയു)ലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നി?ഗമനം.
വെള്ളിയാഴ്ച രാത്രി 10.35 ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടനടി 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാല്‍ പത്ത് കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ടെന്നും ഝാന്‍സി കളക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍നിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ജനലുകള്‍ തകര്‍ത്ത് രോഗികളെ രക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഝാന്‍സി മെഡിക്കല്‍ കോളേജിലെ എന്‍ഐസിയുവിലുണ്ടായ അപകടത്തില്‍ കുട്ടികളുടെ മരണം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button