കോഴിക്കോട് : സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ മോഷണത്തില്‍ ജോലിക്കാരിയടക്കം അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ കഴിഞ്ഞ നാല് വര്‍ഷമായി വീട്ടില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്നിരുന്നുവെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ മാസമാണ് കൂടുതല്‍ സ്വര്‍ണ്ണം അലമാരയില്‍ നിന്നും മോഷ്ടിച്ചത്. വീടിന്റെ പൂട്ട് പൊട്ടിക്കുകയോ അലമാരയുടെ പൂട്ട് പൊട്ടിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് വീട്ടുകാരില്‍ സംശയം ജനിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.
പാചകക്കാരി കരുവിശ്ശേരി സ്വദേശി ശാന്ത, സുഹൃത്തും ബന്ധുവുമായ വട്ടോളി സ്വദേശി പ്രകാശന് എന്നിവരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 26 പവന് സ്വര്‍ണമാണ് എംടിയുടെ വീട്ടില്‍ നിന്ന് കളവ് പോയത്. മോഷണത്തിന്റെ അടയാളങ്ങളൊന്നും അലമാരയില്‍ കാണാത്തതിനാല്‍, വീടുമായി ഇടപഴകുന്നവരെ ചുറ്റിപ്പറ്റി തന്നെയായിരുന്നു പൊലീസിന്റെ അന്വേഷണം. ഈ അന്വേഷണമാണ് വീട്ടിലെ ജോലിക്കാരിയിലേക്ക് ഒടുവില്‍ എത്തിയത്.
3,4,5 പവന് തൂക്കം വരുന്ന മൂന്ന് മാലകള്‍, മൂന്ന് പവന്റെ വള, മൂന്ന് പവന് തുക്കം വരുന്ന രണ്ട് ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച ഒരു ജോഡി കമ്മല്‍, ഒരു പവന്റെ ലോക്കറ്റ്. മരതകം പതിച്ചൊരു ലോക്കറ്റ് തുടങ്ങി 16 ലക്ഷത്തിന്റെ ആഭരണങ്ങളാണ് കവര്‍ന്നത്. സെപ്തംബര്‍ 22നാണ് വീട്ടുകാര്‍ ഒടുവില്‍ ആഭരണം പരിശോധിച്ചത്. സെപ്തംബര്‍ 29ന് അലമാരയില്‍ നോക്കിയപ്പോള്‍ കണ്ടില്ല. മറ്റെവിടെയെങ്കിലും വച്ചോ എന്ന സംശയത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടില്ല. അങ്ങനെയാണ് നടക്കാവ് പൊലീസില്‍ പരാതിപ്പെട്ടത്. എംടിയുടെ കയ്യെഴുത്ത് പ്രതികളടക്കം അമൂല്യ സാഹിത്യ കൃതികളൊന്നും കള്ളന് തൊട്ടിട്ടില്ല.
102 1 minute read