ഒരു എട്ട് വയസ്സുകാരിയുടെ ബുദ്ധിയേയും പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവിനെയും അഭിനന്ദിക്കുകയാണ് ഇപ്പോള്‍ ചൈനയിലെ സാമൂഹിക മാധ്യമങ്ങള്‍. മുത്തച്ഛനുമായി വീട്ടിലേക്ക് പോകവെ കാണാതായ പെണ്‍കുട്ടി ഒരു എടിഎം കൗണ്ടറിന്റെ സഹായത്തോടെ തിരികെ വീട്ടുകാരുടെ അടുത്തെത്തിയതാണ് പെണ്‍കുട്ടിയെ കുറിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യാന്‍ കാരണം.
ജൂലൈ 30 -ന്, തെക്കുകിഴക്കന്‍ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ക്യുഷൗവില്‍ നിന്നുള്ള 8 വയസ്സുകാരി തന്റെ മുത്തച്ഛനോടൊപ്പം ഡാന്‍സ് ക്ലാസില്‍ നിന്നും വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എന്നാല്‍, വഴിയില്‍ എവിടെയോ വച്ച് അവളും മുത്തച്ഛനും രണ്ട് വഴിക്കായിപ്പോയി. എന്ത് ചെയ്യുമെന്നറിയാതെ പെണ്‍കുട്ടി ആകെ ആശങ്കയിലായി. എന്നാല്‍, അപ്പോഴാണ് ഒരു എടിഎം ബൂത്ത് അടുത്തുള്ളതായി കണ്ടത്. ഉടനെ തന്നെ പെണ്‍കുട്ടി അതിനകത്തേക്ക് കയറി.
അതിനകത്ത് ഒരു ചുവന്ന ബട്ടണ്‍ കണ്ട പെണ്‍കുട്ടി അതിലമര്‍ത്തി. അത് ബാങ്കിന്റെ മോണിറ്ററിം?ഗ് സെന്ററിലേക്ക് കണക്ട് ചെയ്തു. ബാങ്കിലെ സ്റ്റാഫ് അംഗമായ സൗ ഡോങ്‌യിങ് ആണ് പെണ്‍കുട്ടിയുടെ കോളിന് ഇന്റര്‍കോം സംവിധാനത്തിലൂടെ മറുപടി നല്‍കിയത്. പെണ്‍കുട്ടി മുത്തച്ഛനെ കാണാനില്ല എന്നും ഒറ്റപ്പെട്ടുപോയി എന്നും സൗവിനെ അറിയിച്ചു. മുത്തച്ഛന്റെയോ വീട്ടിലെ മറ്റാരുടെയെങ്കിലുമോ നമ്പര്‍ പെണ്‍കുട്ടിക്ക് അറിയുമായിരുന്നില്ല.
പെണ്‍കുട്ടിയോട് ഭയക്കരുതെന്നും എടിഎം ബൂത്ത് വിട്ട് എവിടെയും പോകരുത് എന്നും സൗ പറഞ്ഞു. പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. കൈഹുവ കൗണ്ടി പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി, പെണ്‍കുട്ടിയെ മുത്തച്ഛനെ ഏല്‍പ്പിച്ചു. മുത്തച്ഛനും ആ സമയത്ത് പെണ്‍കുട്ടിക്ക് വേണ്ടി അന്വേഷിക്കുകയായിരുന്നു.
ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിലെ പല പ്രാദേശിക എടിഎം സ്റ്റേഷനുകളിലും മെഷീന് അരികില്‍ രണ്ട് തരം എമര്‍ജന്‍സി അസിസ്റ്റന്‍സ് ബട്ടണുകള്‍ ഉണ്ട്. ഒന്ന് എമര്‍ജന്‍സി കോള്‍ ബട്ടണും ചുവന്ന എമര്‍ജന്‍സി അലാറം ബട്ടണും ആണിത്. എന്തായാലും, ആദ്യമായാണ് ജോലിക്കിടയില്‍ ഇങ്ങനെ ഒരു അനുഭവമുണ്ടാകുന്നത് എന്നാണ് സൗ പറയുന്നത്.
അതേസമയം, കൃത്യസമയത്ത് അപകടത്തില്‍ ചെന്ന് ചാടാതെ ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ച എട്ട് വയസ്സുകാരിയെ അഭിനന്ദിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
113 1 minute read