ആലപ്പുഴ: എസ്എന്‍ഡിപിക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് മറുപടിയുമായി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയുടെ മൂല്യം എംവി ഗോവിന്ദന്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ എസ്എന്‍ഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈഴവ സമുദായത്തില്‍ നിന്ന് വോട്ട് ചോര്‍ന്നത് ശരിയാണ്. എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
സത്യം പറയുമ്പോള്‍ താന്‍ സംഘപരിവാര്‍ ആണെന്ന് പറയരുതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വി സാധാരണക്കാരനെ മറന്നതിന്റെ ഫലമാണ്. സാധാരണക്കാരന് വേണ്ട ഒരിടങ്ങളിലും ഒന്നുമില്ല. മാവേലി സ്റ്റോറുകളില്‍ പാറ്റ പോലുമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. പരാജയത്തിന്റെ കാരണം അണികള്‍ക്കറിയാം. സംസ്ഥാന സെക്രട്ടറിക്ക് എല്ലാം പുറത്ത് പറയാനാകില്ല.സമുദായം പ്രസക്തമെന്ന് സിപിഐഎമ്മിന് മനസിലായെങ്കില്‍ സന്തോഷം.
മുസ്ലിം സമുദായത്തിന് എന്തെല്ലാം ചെയ്തു. പ്രീണിപ്പിക്കാന്‍ എന്തൊക്കെ ചെയ്തു. എന്തെങ്കിലും കിട്ടിയോ. എന്റെ കുടുംബത്തെ നന്നാക്കാന്‍ ഇവര്‍ ആരും നോക്കണ്ട. നിലപാടില്‍ നിന്ന് മാറില്ല. കാലഘട്ടം മാറുമ്പോള്‍ ശൈലി മാറണം. ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മസില്‍ പവറും മണിപവറും മുസ്ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ക്രിസ്റ്റ്യാനികള്‍ ബിജെപിക്ക് വോട്ട് ചെയ്തത്. ഇടതുപക്ഷ മനോഭാവമാണ് എന്നും. ബിജെപി ഒരു ഘട്ടത്തിലും വേണ്ട അംഗീകാരം നല്‍കുന്നൊന്നുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ എല്ലാ കാരണങ്ങളും സിപിഐഎമ്മിന് പൊതുജനത്തോട് വിശദീകരിക്കാന്‍ ആകില്ല. പ്രശ്‌നാധിഷ്ഠിതമായി നല്ലതിനെ നല്ലതെന്നും ചീത്തതിനെ ചീത്തത് എന്നും പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.