BREAKINGINTERNATIONAL

കഴിയുന്നത് ഭാര്യമാരുടേയും കാമുകിമാരുടേയും ചെലവില്‍; ലക്ഷ്യം വിവാഹത്തില്‍ ലോകറെക്കോഡ്

റ്യൂത്ത വാതാനാബേ എന്ന മുപ്പത്തിയാറുകാരന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത് ‘വളരെ സ്പെഷ്യല്‍’ ആയ ഒരു കാര്യത്തിനാണ്. കാസനോവയെപ്പോലെ പ്രണയത്തിന്റെ പ്രതിനിധിയായി അറിയപ്പെടണമെന്നല്ല ഇയാളുടെ ആഗ്രഹം. വെറും കാമുകനായി മാത്രം കഴിയാന്‍ ഇയാള്‍ക്ക് താല്‍പര്യമില്ല. മറിച്ച് ‘വിവാഹത്തിന്റെ ദൈവം’ (ഗോഡ് ഓഫ് മാരേജ്) ആയിത്തീരണമെന്നാണ് ഈ ജപ്പാന്‍കാരന്റെ ‘ചിരകാലാഭിലാഷം’. വിവാഹത്തിന്റെ എണ്ണത്തില്‍ ലോകറെക്കോഡ് സ്ഥാപിക്കണമെന്നാണ് റ്യൂത്തയുടെ ആഗ്രഹം.
നിലവില്‍ റ്യൂത്തയ്ക്ക് നാല് ഭാര്യമാരും രണ്ട് കാമുകിമാരുമുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി റ്യൂത്ത കാര്യമായി ജോലിക്കൊന്നും പോകുന്നുമില്ല. ഭാര്യമാരുടേയും കാമുകിമാരുടേയും വരുമാനം കൊണ്ടാണ് ഇയാളുടെ ജീവിതം മുന്നോട്ടുപോകുന്നത്. മാത്രമല്ല, 54 കുട്ടികള്‍ വേണമെന്നും റ്യൂത്ത ആഗ്രഹിക്കുന്നു. റ്യൂത്തയ്ക്ക് ഇപ്പോള്‍ പത്തുമക്കളുണ്ട്.
സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടനുസരിച്ച് റ്യൂത്തയുടെ ഭാര്യമാര്‍ വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാതെ വിവാഹബന്ധത്തിലേതുപോലെ കൂടെ കഴിയുന്നവരാണ്. തന്റെ രണ്ട് മക്കള്‍ക്കും മൂന്ന് ഭാര്യമാര്‍ക്കുമൊപ്പമാണ് റ്യൂത്ത ഇപ്പോള്‍ കഴിയുന്നതെന്ന് ജപ്പാനിലെ ഷ്യൂയിഷ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടിലെ ഒട്ടുമിക്ക ജോലികളും- പാചകം, മറ്റ് പണികള്‍, കുട്ടികളെ പരിപാലിക്കല്‍ എല്ലാം-റ്യൂത്ത ചെയ്യാറുണ്ട്.
ഒരു മാസം 9,14,000 യെന്‍ ( അഞ്ച് ലക്ഷം രൂപ) ആണ് റ്യൂത്തയുടെ കുടുംബച്ചെലവ്. റ്യൂത്തയുടെ ഒപ്പം താമസിക്കുന്ന മൂന്ന ഭാര്യമാരും രണ്ട് കാമുകിമാരും ഈ തുക പങ്കുവെക്കുന്നു. ഇരുപത്തിനാലുകാരിയായ നാലാമത്തെ ഭാര്യ ഇപ്പോള്‍ റ്യൂത്തയില്‍ നിന്ന് വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. കാമുകിമാരെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് റ്യൂത്ത കണ്ടെത്തിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറ് കൊല്ലം മുമ്പ് കാമുകി ഉപേക്ഷിച്ചതോടെയാണ് ഡേറ്റിങ് ആപ്പുകളിലൂടെ പുതിയ കാമുകിമാരെ തേടാന്‍ റ്യൂത്ത ആരംഭിച്ചത്. തനിക്ക് സ്ത്രീകളോട് വളരെ ഇഷ്ടമാണെന്നും, തന്റെ ഭാര്യമാരും കാമുകിമാരും പരസ്പരം ഏറെ സ്നേഹിക്കുന്നതായും അവര്‍ക്കിടയില്‍ സ്നേഹം നിലനില്‍ക്കുന്നിടത്തോളം പ്രശ്നങ്ങളുണ്ടാകില്ലെന്നും ഈ വര്‍ഷമാദ്യം ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റ്യൂത്ത പറഞ്ഞിരുന്നു.

Related Articles

Back to top button