താന്‍ അടക്കം 300 സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച കാമുകന്റെ വിശ്വാസവഞ്ചനയുടെ ചരിത്രം വിവരിക്കുന്ന 58 പേജുള്ള പവര്‍പോയിന്റ് ഫയല്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് പകരംവീട്ടി യുവതി. സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവാവിന്റെ ജോലി നഷ്ടപ്പെട്ടു. സെപ്റ്റംബര്‍ 19 -ന് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ 300 ദശലക്ഷം വ്യൂസ് നേടിയ ഈ സംഭവം അതിവേഗം ട്രെന്‍ഡിംഗ് പോസ്റ്റായി മാറുകയായിരുന്നു.
ചൈന മര്‍ച്ചന്റ്‌സ് ബാങ്കിന്റെ ഷെന്‍ഷെന്‍ ആസ്ഥാനത്ത് മാനേജ്മെന്റ് ട്രെയിനിയായ ഷി എന്ന യുവാവിനെതിരെയാണ് ഇത്തരത്തില്‍ ഒരു ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ ഒരു വര്‍ഷത്തിനിടെ ലൈംഗികത്തൊഴിലാളികള്‍ ഉള്‍പ്പടെ മുന്നൂറോളം സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായാണ് ഓണ്‍ലൈനില്‍ പങ്കിട്ട പവര്‍പോയിന്റ് ഫയലില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷിയുമായി ഡേറ്റിംഗ് ആരംഭിച്ച പേരു വെളിപ്പെടുത്താത്ത യുവതിയാണ് ഫയല്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. തുടക്കത്തില്‍ തനിക്ക് വളരെ മാന്യനായ ഒരു വ്യക്തിയായാണ് ഷിയെ അനുഭവപ്പെട്ടതെന്നും എന്നാല്‍ പിന്നീട് താനുമായി ബന്ധത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ മറ്റ് നിരവധി സ്ത്രീകളുമായി ചാറ്റ് ആപ്പുകള്‍ വഴി പങ്കുവെച്ച ലൈംഗികത പ്രകടമാക്കുന്ന സന്ദേശങ്ങള്‍ കണ്ടെത്തിയതോടെയാണ് ഇയാളുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലായതെന്നും യുവതി പോസ്റ്റില്‍ പറയുന്നുണ്ട്.
ഷിയെ താന്‍ ചോദ്യം ചെയ്‌തെന്നും ഇനിയൊരിക്കലും തെറ്റുകള്‍ ആവര്‍ത്തിക്കില്ല എന്ന് ഇയാള്‍ ആവര്‍ത്തിച്ചു പറഞ്ഞെന്നുമാണ് യുവതി പറയുന്നത്. എന്നാല്‍, വീണ്ടും ഇയാള്‍ മറ്റു സ്ത്രീകളെ ചതിക്കുന്നത് തുടര്‍ന്നതോടെയാണ് താന്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്നും യുവതി പറഞ്ഞതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്
72 1 minute read