BREAKING NEWSKERALALATEST

കുഴിയടയ്ക്കലിനിടെ തര്‍ക്കം; യാത്രക്കാരുടെ മേല്‍ തിളച്ച ടാര്‍ ഒഴിച്ചു തൊഴിലാളികള്‍

കൊച്ചി: ഗതാഗത തടസ്സവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നു റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്നവര്‍ കാര്‍യാത്രക്കാരുടെ മേല്‍ തിളച്ച ടാര്‍ ഒഴിച്ചു. പൊള്ളലേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തൃപ്പൂണിത്തുറ സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തു. കൊച്ചി ചിലവന്നൂര്‍ വാട്ടര്‍ലാന്‍ഡ് റോഡില്‍ ഇന്നലെ െവെകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ചിലവന്നൂര്‍ ചിറമേല്‍പറമ്പില്‍ വിനോദ് വര്‍ഗീസ് (40), ജോസഫ് വിനു (36), ആന്റണി ജിജോ (40) എന്നിവര്‍ക്കാണു പൊള്ളലേറ്റത്. ഇവര്‍ ബന്ധുക്കളാണ്.
എളംകുളത്തുനിന്നു കാറില്‍ വരികയായിരുന്ന ഇവര്‍ ചിലവന്നൂര്‍ വാട്ടര്‍ലാന്‍ഡ് റോഡില്‍ എത്തിയപ്പോള്‍ കുഴിയടയ്ക്കല്‍ ജോലി നടക്കുകയായിരുന്നു. കാര്‍ കടന്നുപോകുന്നതുമായി ബന്ധപ്പെട്ടു ടാറിങ് തൊഴിലാളികളുമായി തര്‍ക്കമുണ്ടായി. വാക്കേറ്റം രൂക്ഷമായതോടെ തൊഴിലാളികളില്‍ ചിലര്‍ തിളച്ച ടാര്‍ എടുത്ത് ഒഴിക്കുകയായിരുന്നു. ടാര്‍ ഒഴിച്ചവര്‍ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. മുന്നറിയിപ്പു ബോര്‍ഡ് വയ്ക്കാതെ വഴി തടഞ്ഞതു ചോദ്യം ചെയ്തതിനാണു ടാര്‍ ഒഴിച്ചതെന്നു പൊള്ളലേറ്റവര്‍ പറഞ്ഞു. വിനോദിനാണു സാരമായി പൊള്ളലേറ്റത്.

Related Articles

Back to top button