ഐഎഎസ് തലപ്പത്തെ പോരിൽ ഒളിയമ്പുമായി കൃഷി വകുപ്പ് സ്പെഷ്യൽ ഓഫീസർ എൻ പ്രശാന്ത്. കർഷകനാണ് കള പറിക്കാൻ ഇറങ്ങിയതാണ് എന്ന സിനിമ സംഭാഷണത്തിൽ കൃഷി വകുപ്പ് പദ്ധതിയുടെ വിവരങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചായിരുന്നു പുതിയ നീക്കം.ഉദ്യോഗസ്ഥ തലത്തിലെ തെറ്റായ പ്രവണതകൾ തിരുത്താൻ നീക്കം തുടരുമെന്നാണ് എൻ പ്രശാന്തിന്റെ ഇന്നത്തെയും ഫേസ്ബുക്ക് പോസ്റ്റ്. കൃഷി വകുപ്പിന്റെ കാംകൊ പദ്ധതിയെക്കുറിച്ച് വിവരങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിൽ. എന്നാൽ പോസ്റ്റ് തുടങ്ങുന്നത് തന്നെ “കള പറിക്കാൻ ഇറങ്ങിയതാണെന്ന” സിനിമ സംഭാഷണത്തിൽ നിന്ന് .’കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും ഒന്നാന്തരം വീഡർ വന്നു കഴിഞ്ഞെന്നും’ പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.അതേസമയം, എൻ പ്രശാന്തിന് പിന്തുണയുമായി സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി രംഗത്തെത്തി. സെക്രട്ടറിയേറ്റിൽ നിന്നും മാസങ്ങൾക്ക് മുൻപ് സ്ഥലം മാറ്റിയ ഷൈനി ജോർജ് ആണ് എൻ പ്രാശാന്തിന്റെ
ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റുമായി എത്തിയത്. അഡീഷണൽ ചീഫ് സെക്രട്ടറി മോശമായി പെരുമാറിയെന്നും, മുഖ്യമന്ത്രി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നും കമന്റിൽ പറയുന്നു. ഭയന്ന് പുറത്തു പറയാൻ
മടിക്കുന്നവരാണ് പലരുമെന്നായിരുന്നു എൻ പ്രശാന്ത്
കമന്റിന് നൽകിയ മറുപടി.
പ്രശാന്തിനെതിരെ ആരോപണവുമായി ഇന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ജെ.മേഴ്സികുട്ടിയമ്മ രംഗത്തെത്തി.സത്യ സന്ധതയോ സുതാര്യതയോ ഇല്ലാതെ ഗൂഢലക്ഷ്യത്തോടെയാണ് പ്രശാന്ത് പ്രവർത്തിച്ചതെന്ന് ജെ.മേഴ്സികുട്ടിയമ്മ ആരോപിച്ചു. ഐഎഎസ് ഉദ്യോഗസ്ഥർ ആരോപണ സ്ഥാനത്തുള്ള വിവാദങ്ങളിൽ സർക്കാർ നടപടിക്ക് ഒരുങ്ങുന്നുവെന്നാണ് വിവരം. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ വിമർശം ഉന്നയിച്ച എൻ.പ്രശാന്തിനെതിരെ വിശദീകരണം തേടാതെ നടപടി എടുക്കാമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുൻപിലുണ്ട്. മതങ്ങളുടെ പേരിൽ ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെയും നടപടി ഉറപ്പായി.