BREAKING NEWSNATIONAL

ഗ്യാന്‍വാപി കേസ്: ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശിവലിംഗം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്‌സിനുള്ളില്‍ കണ്ടെത്തിയ ‘ശിവലിംഗം’ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സംരക്ഷിക്കുമെന്ന് സുപ്രീം കോടതി. ഹിന്ദു സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ശിവലിംഗം കണ്ടെത്തിയ സ്ഥലത്തിന്റെ സംരക്ഷണ കാലാവധി നീട്ടി.
ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ ഇവിടെ ജില്ലാ മജിസ്‌ട്രേറ്റ് സുരക്ഷ ഉറപ്പാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ പുതിയ ഉത്തരവുകള്‍ പുറപ്പെടുവിക്കില്ലെന്ന് അറിയിച്ച കോടതി മെയ് 17ലെ ഇടക്കാല ഉത്തരവ് തുടരട്ടെ എന്നും നിര്‍ദ്ദേശിച്ചു. മെയ് 17ലെ ഇടക്കാല ഉത്തരവിന്റെ കാലാവധി നവംബര്‍ 12ന് അവസാനിക്കാനിരിക്കെ ഹിന്ദു വിഭാഗമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയവുമായി ബന്ധപ്പെട്ട് 1991 മുതലുള്ളതാണ് ഇപ്പോഴത്തെ സംഘര്‍ഷം. അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് വാരണാസി, ഹിന്ദു ഭക്തര്‍, തുടങ്ങിയവര്‍ വാരണാസിയിലെ സിവില്‍ കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും നിരവധി ഹര്‍ജികള്‍ ഇതുസംബന്ധിച്ച് ഫയല്‍ ചെയ്തിട്ടുണ്ട്.
1991ല്‍ ഗ്യാന്‍വാപി പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിലെ ഭക്തര്‍ ഒരു കേസ് ഫയല്‍ ചെയ്തു. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് ഭഗവാന്‍ വിശ്വേശ്വരന്റെ ക്ഷേത്രം തകര്‍ത്തതിന് ശേഷമാണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ക്ഷേത്ര വിശ്വാസികളുടെ ആരോപണം. വര്‍ഷങ്ങള്‍ക്ക് ശേഷം മസ്ജിദ് സമുച്ചയത്തിനുള്ളിലെ പുരാതന ക്ഷേത്രത്തില്‍ ആചാരങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ശിവഭക്തരായ ചിലര്‍ മറ്റൊരു കേസ് ഫയല്‍ ചെയ്തു.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് പൊളിച്ചുമാറ്റിയ ഹിന്ദു നിര്‍മിതിയുടെ ഒരു ഭാഗത്താണ് മസ്ജിദ് പണിതതെന്ന വാദങ്ങള്‍ പുനരുജ്ജീവിപ്പിച്ച് വാരണാസി കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സമുച്ചയത്തിന്റെ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടു, ഈ സമയത്ത് പള്ളിയുടെ വസുഖാനയ്ക്കുള്ളില്‍ ‘ശിവ്‌ലിംഗം’ കണ്ടെത്തി. ഇത് കൂടുതല്‍ നിയമ പോരാട്ടങ്ങളിലേക്ക് നയിച്ചു.

Related Articles

Back to top button