BREAKINGNATIONAL

ഡേറ്റിങ് ആപ്പില്‍ മാച്ച് കിട്ടുന്നവരെ കുടുക്കാന്‍ കെണി; ബില്ല് കണ്ട് കണ്ണുതള്ളിയവര്‍ നിരവധി, പുറത്തുപറയാന്‍ നാണക്കേടും

ന്യൂഡല്‍ഹി: ഡേറ്റിങ് ആപ്പുകള്‍ സമൂഹത്തില്‍ വലിയ സ്വീകര്യത നേടിയിട്ട് അധിക കാലമായില്ല. ഇവയുടെ ജനപ്രിയതയോടൊപ്പം ഇത്തരം ആപ്പുകള്‍ കേന്ദ്രീകരിച്ചുള്ള പലതരം തട്ടിപ്പുകളും തലപൊക്കി. കീശയിലെ കാശ് കാലിയാക്കുന്ന പുതിയ ട്രെന്‍ഡ് ആസൂത്രിതവും സംഘടിതവുമായി ഇത്തരം ആപ്പുകളിലൂടെ നടക്കുന്നതായി സോഷ്യല്‍ മീഡിയ പറയുന്നു. പണം പോയവര്‍ നിരവധിയാണെങ്കിലും പരാതിപ്പെടാന്‍ മടിയ്ക്കുമെന്നത് തട്ടിപ്പുകള്‍ക്ക് വളം വെയ്ക്കുകയും ചെയ്യുന്നു
ടിന്‍ഡര്‍, ബംബ്ള്‍, ഹിന്‍ജ് പോലുള്ള ആപ്പുകളില്‍ നിന്ന് പുറത്തേക്ക് എത്തുന്ന സൗഹൃദ കൂടിക്കാഴ്ചകളുടെ മറവില്‍ വലിയൊരു തട്ടിപ്പ് നടന്നുവരുന്നു എന്നാണ് പലരുടെയും അനുഭവങ്ങള്‍ പറയുന്നത്. ആപ്പുകളില്‍ നിന്ന് യോജിച്ച ആളുകളെ കണ്ടെത്തി ഡേറ്റിങിന് ഇറങ്ങുന്നവരെയാണ് ലക്ഷ്യമിടുന്നത്. ആപ്പുകളില്‍ ‘മാച്ച്’ ആയി ലഭിക്കുന്നവര്‍ ഡേറ്റിങിനായി വലിയ റസ്റ്റോറന്റുകളിലും കഫേകളിലും കൊണ്ടുപോകുന്നതാണ് തട്ടിപ്പിന്റെ ആദ്യ പടി. മുന്‍കൂട്ടി നിശ്ചയിച്ചുവെച്ച കഫേകളിലോ റസ്റ്റോറന്റുകളിലോ തന്നെ ആയിരിക്കും ഇങ്ങനെ ചെല്ലുന്നത്. അവിടുത്തെ ജീവനക്കാരുടെ കൂടി സഹായത്തോടെയാണ് തട്ടിപ്പുകള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കപ്പെടുന്നതും.
കഴിഞ്ഞ ദിവസം മുംബൈ അന്ധേരി വെസ്റ്റിലെ ദ ഗോഡ് ഫാദര്‍ ക്ലബ്ബില്‍ വെച്ച് ഒരാള്‍ക്കുണ്ടായ അനുഭവമാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ടത്. പുരുഷന്മാരുമായി വേഗത്തില്‍ അടുപ്പം സ്ഥാപിക്കുകയും നേരിട്ട് കണ്ടുമുട്ടാന്‍ പെട്ടെന്നു തന്നെ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകളാണ് തട്ടിപ്പിന്റെ മുഖ്യകണ്ണികള്‍. നിഷ്‌കളങ്കരായി ഭാവിച്ച് അടുപ്പം സ്ഥാപിക്കുന്ന ഇവര്‍ അടുത്തുള്ള ഏതെങ്കിലും കഫേകളോ അല്ലെങ്കില്‍ റസ്റ്റോറന്റുകളിലോ വെച്ച് കണ്ടുമുട്ടാം എന്ന് അറിയിക്കും. അവിടെ എത്തിക്കഴിഞ്ഞാല്‍ യുവതി വിലയേറിയ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങും.
വിലകൂടിയ മദ്യവും ഹുക്കയുമൊക്കെ ഓര്‍ഡറിലുണ്ടാവും. എന്നാല്‍ യുവതി ഓര്‍ഡര്‍ ചെയ്യുന്ന ഈ സാധനങ്ങലൊന്നും അതേ പേരില്‍ ഹോട്ടലിലെ മെനുവില്‍ ഉണ്ടാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ ഓരോന്നിനും എത്ര രൂപയാണെന്ന് അറിയുകയുമില്ല. യുവതിയെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിനിടെ സാധനങ്ങളുടെ വില അറിയാനുള്ള ശ്രമങ്ങള്‍ പോലും നടത്തില്ലെന്നതാണ് വാസ്തവം. ഈ സമയം തന്നെ അവര്‍ പോലുമറിയാതെ കെണിയില്‍ വീണു കഴിഞ്ഞു എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
ഓര്‍ഡറുകളെല്ലാം നല്‍കിയ ശേഷം യുവതി പെട്ടെന്ന് സ്ഥലം വിടും. ഒരു ഫോണ്‍ വരികയോ മറ്റോ ചെയ്യുകയും ശേഷം വളരെ അത്യാവശ്യമായി ഒരിടത്ത് പോകാനുണ്ടെന്ന് അറിയിച്ച് വേഗം ഇറങ്ങുകയുമായിരിക്കും ചെയ്യുക. ഇതോടെ വന്‍തുകയുടെ ബില്ല് കൊടുക്കാന്‍ ഈ ‘കൂടിക്കാഴ്ച’ തീരുമാനിച്ചയാള്‍ നിര്‍ബന്ധിതനാവും. കഴിഞ്ഞ ദിവസം പുറത്തുവന്ന സോഷ്യല്‍ മീഡിയ പോസ്റ്റില്‍ 23,000 രൂപ മുതല്‍ 61,000 രൂപ വരെയാണ് ബില്ലിലെ തുകകള്‍. കൊള്ളവില ചോദ്യം ചെയ്യാനോ പ്രതിഷേധിക്കാനോ ശ്രമിച്ചാല്‍ ജീവനക്കാരോ ബൗണ്‍സര്‍മാരോ മര്‍ദിക്കും. അപമാനവും മര്‍ദനമേല്‍ക്കുമെന്ന ഭയവും കാരണം മിക്കവരും എങ്ങനെയെങ്കിലും പണം നല്‍കി രക്ഷപ്പെടും.
ഗോഡ് ഫാദര്‍ ക്ലബ്ബിന് പുറമെ മുംബൈയിലെ നിരവധി ക്ലബ്ബുകളും ഹോട്ടലുകളും ഇത്തരം പരിപാടികളില്‍ പങ്കാളികളാണെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുന്നുണ്ട്. ഈ സ്ഥാപനങ്ങള്‍ ഇതിനായി പ്രത്യേക ജീവനക്കാരെ നിയോഗിക്കുകയും അവര്‍ സ്ത്രീകള്‍ക്ക് നിശ്ചിത പണം നല്‍കി ഡേറ്റിങ് ആപ്പുകള്‍ വഴി ആളുകളുമായി ബന്ധം സ്ഥാപിക്കാനും റസ്റ്റോറന്റില്‍ എത്തിക്കാനും നിര്‍ദേശിക്കുകയാണത്രെ. ഡല്‍ഹി, ഗുരുഗ്രാം, ബംഗളുരു, ഹൈദരാബാദ് എന്നിങ്ങനെയുള്ള വലിയ നഗരങ്ങളിലെല്ലാം ഇത്തരം തട്ടിപ്പുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിവില്‍ സര്‍വീസ് പരിശീലന വിദ്യാര്‍ത്ഥിയായ ഒരു യുവാവ് ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സമാനമായ തട്ടിപ്പില്‍പ്പെട്ട് 1.2 ലക്ഷം രൂപയാണ് നല്‍കേണ്ടി വന്നതത്രെ.

Related Articles

Back to top button