BREAKINGINTERNATIONALNATIONAL
Trending

തകര്‍ന്ന ബന്ധങ്ങളുടെ പേരില്‍ ജീവനൊടുക്കിയാല്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താന്‍ ആവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: വ്യക്തമായ തെളിവില്ലാതെ തകര്‍ന്ന ബന്ധങ്ങളുടെ പേരില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താന്‍ ആവില്ലെന്ന് സുപ്രീം കോടതി. കമറുദ്ദീന്‍ ദസ്തഗിര്‍ സനദി എന്ന വ്യക്തിയെ ശിക്ഷിച്ച കര്‍ണാടക ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, ഉജ്ജല്‍ ബുയാന്‍ എന്നിവരാണ് കേസ് പരിഗണിച്ചത്.
കമറുദ്ദീന്‍ എതിരെ വഞ്ചന കുറ്റവും ആത്മഹത്യ പ്രേരണ കുറ്റവും ആയിരുന്നു ചുമത്തിയിരുന്നത്. തകര്‍ന്ന ബന്ധമാണ് ഈ കേസെന്നും ക്രിമിനല്‍ കുറ്റകൃത്യം അല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഐപിസി സെക്ഷന്‍ 417, 306, 376 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ണാടക ഹൈക്കോടതി കമറുദ്ദീനെ അഞ്ചുവര്‍ഷത്തേക്കാണ് ശിക്ഷിച്ചത്. ഇദ്ദേഹവുമായി പ്രണയബന്ധത്തില്‍ ഉണ്ടായിരുന്ന 21 കാരി എട്ടു വര്‍ഷത്തെ സൗഹൃദം തകര്‍ന്നതിനെ തുടര്‍ന്ന് 2007 ഓഗസ്റ്റ് മാസത്തില്‍ ജീവനൊടുക്കിയിരുന്നു. തന്റെ മകള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു എന്ന് ആരോപിച്ച് യുവതിയുടെ അമ്മയാണ് കമറുദ്ദീനെതിരെ കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച് സുപ്രീം കോടതി യുവതിയുടെ ആത്മഹത്യ കുറിപ്പില്‍ ഇരുവര്‍ക്കും ഇടയില്‍ ശാരീരിക ബന്ധം നടന്നതായുള്ള യാതൊന്നും പരാമര്‍ശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. കമറുദ്ദീന്റെ ഭാഗത്തുനിന്ന് ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തില്‍ എന്തെങ്കിലും പ്രേരണ ഉണ്ടായതായി ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല എന്നതും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ബന്ധം തകര്‍ന്നതിന്റെ പേരില്‍ ഉണ്ടാകുന്ന മാനസിക വിഷമങ്ങള്‍ മൂലം ഒരാള്‍ ജീവനൊടുക്കിയാല്‍ അതില്‍ ക്രിമിനല്‍ കേസെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

Related Articles

Back to top button