BREAKINGKERALA

കുസാറ്റ് സിന്റിക്കേറ്റ് അംഗത്തിനെതിരെ ആരോപണം: പരാതിക്കാരിക്കും എസ്എഫ്‌ഐക്കുമെതിരെ അധ്യാപക സംഘടന

കളമശേരി: കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗത്തിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ എസ്എഫ്‌ഐക്കും പരാതിക്കാരിക്കുമെതിരെ സര്‍വ്വകലാശാലയിലെ ഇടത് അധ്യാപക സംഘടന. സിന്‍ഡിക്കേറ്റ് അംഗവും അധ്യാപകനും ഇടത് നേതാവുമായ പികെ ബേബിക്കെതിരെ പരാതി വ്യാജമെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ടീച്ചര്‍ അസോസിയേഷന്‍ പറയുന്നു. ക്യാമ്പസില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള എസ്എഫ്‌ഐയുടെ ശ്രമമാണിതെന്നും പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെയും ഈ പരാതിയുടെ പേരില്‍ അധ്യാപകനെ ആക്രമിക്കാന്‍ ശ്രമിച്ച എസ്എഫ്‌ഐക്കെതിരെയും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അധ്യാപക സംഘടന കളമശ്ശേരി പോലീസിന് പരാതി നല്‍കി.
ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നാം തീയതി രാത്രി സര്‍വകലാശാല കലോത്സവം നടക്കുന്നതിനിടെ ക്യാമ്പസില്‍ വച്ച് പികെ ബേബി തന്നെ കടന്നുപിടിച്ചെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഏറെ നേരത്തെ തന്നെ സംഭവം വിവാദമായിരുന്നെങ്കിലും ബേബിക്കെതിരെ നടപടിയെടുക്കാന്‍ സര്‍വ്വകലാശാല തയ്യാറായിരുന്നില്ല. ബേബിക്ക് അനുകൂലമായ രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായി. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി സര്‍വകലാശാലയ്ക്ക് രേഖാ മൂലം പരാതി നല്‍കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിശോധിക്കുന്ന ആഭ്യന്തര അന്വേഷണ സമിതിക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഈ പരാതി സര്‍വകലാശാല പോലീസിന് കൈമാറി. പിന്നാലെ കളമശേരി പൊലീസ് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles

Back to top button