മുംബൈ: മുംബൈയിലും പുനെയിലും കനത്ത മഴയില്‍ പ്രളയ സമാന സാഹചര്യം. മുംബൈയില്‍ വിമാനങ്ങള്‍ റദ്ദാക്കി. സിയോണ്‍, ചെമ്ബുര്‍, അന്ധേരി തുടങ്ങി ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിലായി. രാവിലെ 8.30 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
രണ്ടിടത്തും വിമാന, ട്രെയിന്‍ സര്‍വീസുകളെ മഴ ബാധിച്ചിട്ടുണ്ട്. മുംബൈയില്‍നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ വൈകുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നിവയുടെ ഏതാനും സര്‍വീസുകളും വൈകുകയും റദ്ദാക്കുകയും ചെയ്തു. നഗരത്തിലെ ഏഴ് തടാകങ്ങള്‍ നിറഞ്ഞൊഴുകുകയാണ്.പുനെയില്‍ നാല് പേര്‍ മരിച്ചു. വെള്ളം നിറഞ്ഞ തെരുവില്‍നിന്ന് മൂന്ന് പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂര്‍ അടച്ചിടുമെന്ന് പുനെ കലക്ടര്‍ അറിയിച്ചു. പാലങ്ങള്‍ വെള്ളത്തിനടിയിലായത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. പുനെയില്‍ ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.