BREAKINGKERALA
Trending

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍: 600 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് പരിശോധിക്കും. ഇന്നലെയാണ് 5 മാസത്തിന് ശേഷം അന്വേഷണം പൂര്‍ത്തിയാക്കി എഡിജിപി എം ആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകനുണ്ടായ ഏകോപനത്തിലെ വീഴ്ചയല്ലാതെ മറ്റ് കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നില്ലെന്നാണ് വിവരം. അന്ന് രാത്രിയുണ്ടായ സംഭവങ്ങള്‍ വിവരിച്ചുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.
ഒരാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ആദ്യം നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍ ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇന്നലെ സീല്‍ വെച്ച കവറില്‍ 600 പേജുള്ള റിപ്പോര്‍ട്ട് മെസഞ്ചര്‍ വഴി സമര്‍പ്പിച്ചത്. എന്നാല്‍ ഡിജിപി ഓഫീസില്‍ ഇല്ലാത്തതിനാല്‍ ഇന്നലെ റിപ്പോര്‍ട്ട് പരിശോധിക്കാനായില്ല. 600 പേജുള്ള റിപ്പോര്‍ട്ടില്‍ അന്വേഷണ വിവരങ്ങളും മൊഴികളും ഉള്‍പ്പെടുന്നു. എഡിജിപിയുടെ സാന്നിധ്യം കൂടി ഉള്ളപ്പോഴാണ് പൂരം അലങ്കോലപ്പെടുന്നത്. ഈ സാഹചര്യത്തില്‍ എഡിജിപിയുടെ കണ്ടെത്തലെന്ത് എന്നത് നിര്‍ണായകമാണ്.

Related Articles

Back to top button