ചെന്നൈ: ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശമാണെന്നും പങ്കാളിയുടെ സ്വകാര്യതയില്‍ ഒളിഞ്ഞു കയറിയെടുക്കുന്ന വിവരങ്ങള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്നു തെളിയിക്കാന്‍ ഭര്‍ത്താവ് ഹാജരാക്കിയ ഫോണ്‍ സംഭാഷണ വിവരങ്ങള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്റെ വിധി.
വിവാഹബന്ധത്തില്‍ പങ്കാളികള്‍ തമ്മില്‍ പെരുമാറ്റമര്യാദ വേണ്ടെന്ന ധാരണ കോടതിക്ക് അംഗീകരിക്കാനാവില്ല. സ്വകാര്യത മൗലികാവകാശമാണെന്നു പറയുമ്പോള്‍ അതില്‍ ദാമ്പത്യബന്ധത്തിലെ സ്വകാര്യതയും ഉള്‍പ്പെടും. പങ്കാളികളിലൊരാള്‍ മറ്റേയാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. അങ്ങനെ സ്വകാര്യത ലംഘിച്ചു കൈവശപ്പെടുത്തിയ വിവരങ്ങള്‍ തെളിവായി അംഗീകരിക്കാനും കഴിയില്ല -കോടതി വ്യക്തമാക്കി.
രണ്ടുമക്കളുടെ അച്ഛനായ യുവാവ് വിവാഹബന്ധം വേര്‍പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് ഫോണ്‍ സംഭാഷണവിവരങ്ങള്‍ കടന്നുവന്നത്. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്നും തന്നോട് ക്രൂരത കാണിക്കുന്നെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതു തെളിയിക്കാനാണ് ഫോണ്‍ സംഭാഷണ വിവരങ്ങള്‍ സമര്‍പ്പിച്ചത്. താനറിയാതെ ശേഖരിച്ച വിവരങ്ങള്‍ തെളിവായി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഭാര്യ രാമനാഥപുരത്തെ പരമകുടി കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അത് തള്ളി. അതിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്.
പരസ്പരവിശ്വാസമാണ് ദാമ്പത്യത്തിന്റെ ആണിക്കല്ലെന്നും ഒരാള്‍ മറ്റൊരാളുടെ കാര്യങ്ങള്‍ ഒളിഞ്ഞുനോക്കാന്‍ തുടങ്ങുമ്പോള്‍ ഈ വിശ്വാസമാണ് തകരുന്നതെന്നും കോടതി പറഞ്ഞു. ‘തന്റെ ചിന്തകളും ഏറ്റവും സ്വകാര്യമായ തോന്നലുകളും എഴുതിവെക്കാന്‍ ഭാര്യ ഡയറി എഴുതുന്നുണ്ടാവും. അവരുടെ അനുമതി കൂടാതെ അത് ഭര്‍ത്താവ് വായിച്ചുനോക്കാന്‍ പാടില്ല. അതുപോലെത്തന്നെയാണ് മൊബൈല്‍ ഫോണിന്റെ കാര്യവും. ഭാര്യയുടെ അനുമതി കൂടാതെ അതിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത് സ്വകാര്യതയുടെ ലംഘനമാണ്’ -കോടതി പറഞ്ഞു.
81 1 minute read