BREAKINGINTERNATIONAL

ദില്ലിയിലെ ഏറ്റവും ദരിദ്രമായ ചേരി, പക്ഷേ, ആതിഥ്യമര്യാദയില്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് യൂട്യൂബര്‍; വീഡിയോ വൈറല്‍

ദില്ലിയിലെ കുസുംപൂര്‍ പഹാരിയെ കുറിച്ച് അധികമാരും കേട്ട് കാണില്ല. രാജ്യതലസ്ഥാനത്തെ ഏറ്റവും ദരിദ്രമായ ചേരിയാണ്. നയതന്ത്രസന്ദര്‍ശനങ്ങളുടെ കാലത്ത് തുണികൊണ്ട് റോഡില്‍ നിന്നും മറയ്ക്കപ്പെട്ടുന്ന ഒരു കൂട്ടം മനുഷ്യര്‍ ജീവിക്കുന്ന ദേശം. പക്ഷേ, ആ ചേരിയിലെ മനുഷ്യരുടെ ആത്മാര്‍ത്ഥമായ ആതിഥ്യമര്യാദ തന്നെ അത്ഭുതപ്പെടുത്തിയെന്ന് യുഎസ് യൂട്യൂബര്‍. ക്രിസ് ടേക്ക്‌സ് ഓഫ് എന്ന യുഎസ് യൂട്യൂബറാണ് ‘എക്‌സ്‌പ്ലോറിംഗ് ഇന്ത്യാസ് പൂവറെസ്റ്റ് എലോണ്‍’ എന്ന പേരില്‍ യൂട്യൂബില്‍ വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്.
ചേരിയിലെ വെള്ളം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും അവിടുത്തെ ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ക്രിസ് വീഡിയോയില്‍ വിവരിക്കുന്നു. വീഡിയോയില്‍ ചേരിയിലെ നിരവധി പേരോട് ക്രിസ് നേരിട്ട് സംസാരിക്കുന്നുണ്ട്. ചേരിയില്‍ നിന്ന് തന്നെ അദ്ദേഹം ഭക്ഷണവും കഴിക്കുന്നു. ചേരിയിലൂടെ നടക്കുന്നതിടെ കാണുന്ന ആളുകളോടെല്ലാം സംസാരിക്കാനും ക്രിസ് സമയം കണ്ടെത്തുന്നു. ഒപ്പം പ്രദേശത്തെ പ്രശ്‌നങ്ങളെ കുറിച്ചും ആളുകളോട് സംസാരിക്കുന്നു. ഒപ്പം പ്രദേശവാസികള്‍ തന്നോട് കാണിച്ച ദയയും ആതിഥ്യര്യാദയും തന്നെ ഏറെ സ്വാധീനിച്ചെന്നും ക്രിസ് വീഡിയോയില്‍ പറയുന്നു. ചേരിയില്‍ ഒരു വീട്ടില്‍ നിന്നും ക്രിസിന് ചായ വാഗ്ദാനം ചെയ്യുകയും വീട്ടിലേക്ക് വിളിച്ച് വരുത്തി അദ്ദേഹത്തിന് ചായ ഇട്ട് കൊടുക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഈ സമയം അദ്ദേഹം ലൌവ് ഇന്ത്യ എന്ന് പറയുന്നു. ഒപ്പം വീട്ടുകാര്‍ ക്രിസിന് വേണ്ടി ഒരു പ്രാദേശിക വാദ്യോപകരണം വായിക്കുമ്പോള്‍ അദ്ദേഹം നൃത്തം ചെയ്യുന്നതും കാണാം. ഒടുവില്‍ അദ്ദേഹം അവിടെ നിന്നും നന്ദി പറഞ്ഞ് ഇറങ്ങുമ്പോള്‍ വീട്ടുകാരെല്ലാവരും കൈ വീശി അദ്ദേഹത്തെ യാത്രയാക്കുന്നു.
വീഡിയോ വളരെ വേഗം കാഴ്ചക്കാരുടെ ശ്രദ്ധനേടി. ‘എന്തൊരു വീഡിയോ, നന്ദി ക്രിസ്! ഇതുപോലുള്ള സ്ഥലങ്ങള്‍ ഞാന്‍ ഒരിക്കലും സന്ദര്‍ശിക്കില്ല, പക്ഷേ ഇത്തരം വീഡിയോകളിലൂടെ ഇത് അനുഭവിക്കാന്‍ കഴിഞ്ഞതില്‍ നന്ദി.’ ഒരു കാഴ്ചക്കാരന്‍ എഴുതി. നിരവധി പേരാണ് ഇത്തരം ഒരു സ്ഥലത്തേക്ക് പോകാന്‍ ധൈര്യം കാണിച്ച ക്രിസിനെ അഭിനന്ദിച്ചത്. ‘ഗംഭീര വീഡിയോ , പക്ഷേ ജീവിക്കാന്‍ ഭയക്കുന് അവസ്ഥകള്‍. എനിക്ക് അവരോട് സഹതാപം തോന്നുന്നു,’ മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ‘ദരിദ്രര്‍ക്ക് എത്ര ഉദാരത കാണിക്കാന്‍ കഴിയുമെന്ന് കാണിച്ചതിന് നന്ദി,’ എന്നായിരുന്നു മറ്റൊരു കുറിപ്പ്.

Related Articles

Back to top button