BREAKINGKERALA

ദിവ്യക്ക് ജാമ്യം ലഭിച്ചതോടെ ജയിലിലേക്ക് നേതാക്കളുടെ നീണ്ട നിര

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായി ജയിലില്‍ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ കാണാന്‍ ജയിലിലേക്കെത്തി സിപിഎം നേതാക്കള്‍. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും ജനാധിപത്യ മഹിളാ അസോ നേതാക്കളുമാണ് ജയിലില്‍ എത്തിയത്. ദിവ്യക്ക് ജാമ്യം കിട്ടിയതില്‍ ആശ്വാസമുണ്ടെന്ന് ബിനോയ് കുര്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവര്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ട്. പോരായ്മ ഉണ്ടായിട്ടുണ്ട്. എന്നുകരുതി അവരെ തള്ളിക്കളയേണ്ട കാര്യമില്ലെന്നും ബിനോയ് കുര്യന്‍ പറഞ്ഞു. ഒപ്പം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥും എത്തിയിട്ടുണ്ട്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ പി കെ ശ്യാമള, സരള, എന്‍ സുകന്യ എന്നിവരും ദിവ്യയെ കാണാനെത്തിയിട്ടുണ്ട്. ജാമ്യം ലഭിച്ച ദിവ്യ ഇന്ന് ജയില്‍ മോചിതയാവും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പിപി ദിവ്യ. ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടികളിലേക്ക് കടക്കും. കൂടുതല്‍ പ്രതികരണം പിന്നീടെന്നും മഞ്ജുഷ പറഞ്ഞു.

അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടതിയില്‍ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാന്‍ഡ് കാലാവധി അവസാനിക്കും.

അതേസമയം, ദിവ്യക്കെതിരെ പാര്‍ട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അം?ഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയിരുന്നു. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്.

Related Articles

Back to top button