BREAKINGKERALA

നാഗര്‍കോവിലില്‍ ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി കോളജ് അധ്യാപിക ശ്രുതിയുടെ ഭര്‍തൃമാതാവ് ചെമ്പകവല്ലി മരിച്ചു. ശ്രുതിയുടെ മരണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍തൃമാതാവിന്റെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നായിരുന്നു ശ്രുതിയുടെ അവസാന സന്ദേശം.
ശുചീന്ദ്രത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ആറ് മാസം മുമ്പാണ് തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാര്‍ത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.
ശ്രുതിയോട് വീട്ടിലേക്ക് തിരിച്ചു പോകാന്‍ ചെമ്പകവല്ലി നിര്‍ബന്ധിച്ചതോടെയാണ് കഴിഞ്ഞ ദിവസം അമ്മയ്ക്ക് ഫോണില്‍ ശബ്ദസന്ദേശം അയച്ച് ശ്രുതി ജീവനൊടുക്കിയത്. കോയമ്പത്തൂരില്‍ സ്ഥിരതാമസമാണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഭര്‍തൃമാതാവ് ചെമ്പകവല്ലി മരിച്ചത്.

Related Articles

Back to top button