ലണ്ടന്‍: ബ്രിട്ടനില്‍ നിന്ന് പൂര്‍വ്വികരുടെ തലയോട്ടികള്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി നാഗ ഗോത്ര വിഭാഗക്കാര്‍. ഇവയില്‍ ചിലത് സമ്മാനങ്ങളോ മറ്റോ ആയി കൈമാറ്റം ചെയ്തതാവുമെന്നും മറ്റുള്ളവ ഉടമസ്ഥരുടെ സമ്മതമില്ലാതെ കൊണ്ടുപോയതാവാമെന്നും ഗവേഷകര്‍ പറയുന്നു. ചരിത്രം വീണ്ടെടുക്കാന്‍ അവ തിരിച്ചെത്തിക്കണം എന്നാണ് നാഗ വിഭാഗക്കാര്‍ ആവശ്യപ്പെടുന്നത്. നേരത്തെ കൊമ്പോടു കൂടിയ നാഗ ഗോത്ര വിഭാഗത്തില്‍പ്പെട്ട മനുഷ്യന്റെ തലയോട്ടി ലേലം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പ്രതിഷേധത്തെ തുടര്‍ന്ന് ലേല കമ്പനി പിന്മാറിയിരുന്നു.
യുകെയിലെ പൊതു മ്യൂസിയങ്ങളിലും സ്വകാര്യ ശേഖരങ്ങളിലും മാത്രം ഏകദേശം 50,000 നാഗ ഗോത്ര വിഭാഗത്തില്‍പ്പെട്ട വസ്തുക്കള്‍ ഉണ്ടെന്ന് നാഗ സംസ്‌കാരത്തെ കുറിച്ച് പഠനം നടത്തിയിട്ടുള്ള ഗവേഷകന്‍ അലോക് കുമാര്‍ കനുങ്കോ പറയുന്നു. ഏറ്റവും വലിയ നാഗ ശേഖരമുള്ളത് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ പിറ്റ് റിവേഴ്സ് മ്യൂസിയത്തിലാണ്. 41 മനുഷ്യാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 6,550 ഇനങ്ങള്‍ ഇവിടെ ഉണ്ട്. എന്നാല്‍ ഇക്കാലത്ത് മനുഷ്യാവശിഷ്ടങ്ങളുടെ ശേഖരണം, വില്‍പ്പന, പ്രദര്‍ശനം എന്നിവയെക്കുറിച്ചുള്ള ധാര്‍മ്മിക ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനാല്‍, പുനര്‍വിചിന്തനം നടക്കുന്നുണ്ട്. ന്യൂസിലാന്റിലെ മാവോറി ഗോത്രങ്ങള്‍, തായ്വാനിലെ മുഡാന്‍ യോദ്ധാക്കള്‍, ഓസ്ട്രേലിയയിലെ ആദിവാസികള്‍, തദ്ദേശീയരായ ഹവായികള്‍ തുടങ്ങിയ സമൂഹങ്ങളില്‍ നിന്നുള്ള മനുഷ്യാവശിഷ്ടങ്ങള്‍ മ്യൂസിയങ്ങള്‍ തിരികെ നല്‍കാന്‍ തുടങ്ങി.
ധാര്‍മിക ചോദ്യങ്ങള്‍ കാരണം പിറ്റ് റിവേഴ്സ് മ്യൂസിയം 2020-ല്‍ നാഗ തലയോട്ടികള്‍ പ്രദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നാഗ വിഭാഗം ആവശ്യപ്പെട്ടാല്‍ ഇവ കൈമാറാനുള്ള നടപടി ക്രമം പൂര്‍ത്തിയാക്കാന്‍ 18 മാസം മുതല്‍ വര്‍ഷങ്ങള്‍ വരെ എടുത്തേക്കുമെന്ന് മ്യൂസിയം വ്യക്തമാക്കി. എന്നാല്‍ ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ സ്വാന്‍ എന്ന ലേല കമ്പനി ഈ വര്‍ഷം മൃഗത്തിന്റെ കൊമ്പ് പിടിപ്പിച്ച പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്നുള്ള നാഗ വിഭാഗത്തിലെ മനുഷ്യന്റെ തലയോട്ടി ലേലത്തിന് വെച്ചത് വിവാദമായി.
നമ്മുടെ പൂര്‍വികരുടെ അവശേഷിപ്പ് ലേലം ചെയ്യുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് നാഗ ഫോറം ഫോര്‍ റികണ്‍സിലിയേഷന്‍ (എഫ്എന്‍ആര്‍) അംഗം കൊന്യാക് പറഞ്ഞു. എഫ്എന്‍ആര്‍ കത്തെഴുതിയതിനെ തുടര്‍ന്നാണ് ലേലത്തില്‍ നിന്ന് കമ്പനി പിന്മാറിയത്. തലയോട്ടി ഏകദേശം 4.3 ലക്ഷം (4000 പൌണ്ട്) രൂപയ്ക്ക് വിറ്റുപോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി ജയശങ്കറിന് കത്തയച്ചിരുന്നു.
52 1 minute read