തിരുവനന്തപുരം: സംസ്ഥാനത്ത് സെക്രട്ടേറിയറ്റില്‍ ഭരണസ്തംഭനം. രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയല്‍ നീക്കം പൂര്‍ണമായും നിലച്ചു. ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ എന്‍ഐസിക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും തിരിച്ചടിയാണ്.
ഒന്നരമാസം മുമ്പാണ് ഇ-ഫയലിംഗ് സംവിധാനത്തില്‍ പുനക്രമീകരണം കൊണ്ടുവന്നത്. ഇതിന് ശേഷം ഫയല്‍ നീക്കം മന്ദഗതിയിലായെന്ന് ഉദ്യോഗസ്ഥര്‍ക്ക് പരാതിയുണ്ടായിരുന്നു. ഇങ്ങനെയിരിക്കെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ ഇ-ഓഫീസ് പൂര്‍ണമായും പണിമുടക്കിയത്. ഇ-ഫയലുകള്‍ തുറക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണല്‍ ഇന്‍ഫാമാറ്റിക് സെന്ററിനെ വിവരമറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രശ്‌നപരിഹരിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ രണ്ടു ദിവസമായിട്ടും എന്താണ് പ്രശനമെന്ന് കണ്ടെത്താന്‍ പോലും എന്‍ഐസിക്ക് കഴിഞ്ഞിട്ടില്ല. ഐടി സെക്രട്ടറി വിളിച്ച യോഗത്തില്‍ എന്‍ഐസി ഉദ്യോഗസ്ഥര്‍ക്ക് നേരെ കയര്‍ക്കുവരെയുണ്ടായി. പൂര്‍ണമായും ഈ ഫയലിലായതിനാല്‍ തുടര്‍ന്നുള്ള ഫയലെഴുത്തുകള്‍ കടലാസാക്കാനും കഴിയുന്നില്ല.പിന്‍ഫയലുകളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയാത്തതുകൊണ്ടാണ് തുടര്‍ നീക്കവും തടസപ്പെടുന്നത്.
ദില്ലിയില്‍ നിന്നും എന്‍ഐസി വിദഗ്ദരെത്തിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനവൂയെന്നാണ് ഇപ്പോള്‍ ഐടി വകുപ്പ് പറയുന്നത്. രണ്ട് ദിവസമായി പഞ്ച് ചെയ്തു കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കിപ്പോള്‍ പണിയില്ല. സെക്രട്ടറിയേറ്റ് സ്റ്റാഫ് സഹകരണ സംഘത്തിന്റെ തെരെഞ്ഞെടുപ്പ് ശനിയാഴ്ചയാണ്. ഫയല്‍ നീക്കം നിലച്ചതിനാല്‍ സംഘടനാ പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരെല്ലാം വകുപ്പുകള്‍ കയറിയിറങ്ങി വോട്ടുപിടിക്കുന്ന തിരിക്കിലാണ്.
78 Less than a minute