BREAKING NEWSKERALA

നിലപാടുകളില്‍ ഉറച്ചു നിന്ന കോണ്‍ഗ്രസിലെ വേറിട്ട മുഖം

അടിയുറച്ച കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും അതിനുള്ളിലെ കാര്‍ക്കശ്യത്തിന്റെ മുഖമായിരുന്നു പി.ടി. തോമസിന്റേത്. എതിര്‍പ്പുകള്‍ എത്ര ഉയര്‍ന്നാലും തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതില്‍ പിടി എന്നും കരുത്തുകാട്ടി. ഖദറിന്റെ വെള്ളക്കുപ്പായത്തിനുള്ളിലെ വിപ്ലവകാരിതന്നെയായിരുന്നു അദ്ദേഹം. ആരുടെയും മുന്നില്‍ തന്റെ ജനപക്ഷ നിലപാടില്‍ കരുത്തോടെ പറയുവാനും അതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും ഉയരുന്ന എതിര്‍പ്പുകളെ അവഗണിച്ച് മുന്നേറാനും അദ്ദേഹം എന്നു ശ്രദ്ധിച്ചിരുന്നു. ജീവതത്തിലും അദ്ദേഹം തന്റെ നിലപാടുകള്‍ക്കൊപ്പം ഉറച്ചു നിന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ വിവാഹം. തന്റെ പ്രണയിനിയായിരുന്ന ഇതരമതസ്ഥയെ ജീവിതസഖിയാക്കാനും ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകളെ മറികടന്നു സന്തോഷ പൂര്‍വം ജീവിതം നയിക്കുന്നതിലും അദ്ദേഹം വിജയിച്ചു.
മഹാരാജാസ് കോളേജിന്റെ കരുത്തനായ നേതാവായി രാഷ്ട്രീയ പടികള്‍ ചവിട്ടിക്കയറുന്നതിനിടെയാണ് ഉമ എന്ന ബ്രാഹ്മണ പെണ്‍കുട്ടി പിടിയുടെ മനസ് കീഴടക്കുന്നത്. ക്രിസ്ത്യാനി പയ്യന്‍ ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം കഴിക്കുക എന്നത് അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍, ഉമ എന്ന തന്റെ പ്രണയിനിയെ വിളിച്ചിറക്കി ജീവിതത്തില്‍ ഒപ്പം കൂട്ടിയതാണ് പിടിയുടെ കരുത്ത്. ആ കരുത്ത് അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും പ്രവര്‍ത്തികളിലും എന്നും മുന്നില്‍ നിന്നിരുന്നു. മരണം വരെ അദ്ദേഹം അത് കാത്ത സൂക്ഷിക്കുകയും ചെയ്തു.
രാഷ്ട്രീയമാണ് പി.ടിയെയും ഉമയെയും തമ്മില്‍ അടുപ്പിച്ചത്. അന്ന് അദ്ദേഹം കെ.എസ്.യു.വിന്റെ സംസ്ഥാന നേതാവ്. ഉമയാണെങ്കില്‍ മഹാരാജാസില്‍ കെ.എസ് യുവിന്റെ സജീവ പ്രവര്‍ത്തക. കോളേജ് യൂണിയനില്‍ ലേഡി റെപ്പ്, വൈസ് ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ പദവികളിലും. അന്ന് പി.ടി മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു. ലോ കോളേജിലെ പഠനകാലത്തും പി.ടി പതിവായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കുമായി നിരന്തരം മഹാരാജാസില്‍ കയറിയിറങ്ങി. രാഷ്ട്രീയത്തില്‍ സഹപ്രവര്‍ത്തകരായ ഇരുവരും വൈകാതെ അടുത്തു. ഉമ ക്രിസ്ത്യാനി പയ്യനെ പ്രണയിച്ചത് വീട്ടുകാര്‍ക്ക് ഉള്‍കൊള്ളാന്‍ ആകുമായിരുന്നില്ല. ഉമയുടെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായി. പക്ഷേ ഉമയുടെ കൈ പിടിച്ച് മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു പി.ടിയുടെ തീരുമാനം.
പി.ടി വീട്ടില്‍ വിളിച്ച് തന്റെ അമ്മയെ പ്രണയകാര്യം അറിയിച്ചു. പക്ഷെ, അമ്മയ്ക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നു ആരെ വിവാഹം കഴിച്ചാലും കുഴപ്പില്ല കല്യാണം പള്ളിയില്‍ വെച്ച് തന്നെ നടത്തണമെന്ന്. പിന്നെ അതിനായി ശ്രമം. അങ്ങനെയിരിക്കെ കാനോന്‍ നിയമപ്രകാരം ആരെങ്കിലുമൊരാള്‍ ക്രിസ്ത്യന്‍ വിശ്വാസി ആയാല്‍ പള്ളിയില്‍ വെച്ച് വിവാഹം നടത്താനാവുമെന്ന് മനസ്സിലാക്കി. ഇതോടെ പി.ടി അതിനുള്ള ശ്രമം തുടങ്ങി. ആദ്യം ബിഷപ്പിനെ വിളിച്ചു. അദ്ദേഹം സമ്മതിച്ചില്ല.
പക്ഷെ, കോതമംഗലം സെയ്ന്റ് ജോര്‍ജ് ഫൊറാന ചര്‍ച്ചിലെ ഫാദര്‍ ജോര്‍ജ് കുന്നംകോട്ട് പി.ടിയുടെയും ഉമയുടെയും വിവാഹം നടത്തി തരാമെന്ന് സമ്മതിച്ചു. വിവാഹ ദിവസം പി.ടി ഉമയെ കൂട്ടി നേരെ പോയത് വയലാര്‍ രവിയുടെ വീട്ടിലേക്കാണ്. മകളെ അന്വേഷിക്കേണ്ടെന്നും തന്റെ കൂടെ സുരക്ഷിതയായി ഉണ്ടാകുമെന്നും പി.ടി ഉമയുടെ വീട്ടില്‍ വിളിച്ച് അറിയിച്ചു.
വയലാര്‍ രവിയുടെ വീട്ടില്‍ ബെന്നി ബെഹനാന്‍, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, ജയപ്രസാദ്, കെ.ടി. ജോസഫ് എന്നിവരുമുണ്ടായിരുന്നു. വയലാര്‍ രവിയുടെ ഭാര്യ മേഴ്‌സി രവി നല്‍കിയ സാരി അണിഞ്ഞ് മണവാട്ടിയായി ഉമ ഒരുങ്ങിനിന്നു. കോതമംഗലം പള്ളിയില്‍ വെച്ച് അങ്ങനെ പി.ടി ഉമയുടെ കഴുത്തില്‍ മിന്നുകെട്ടി. ഇടുക്കിയിലുള്ള പി.ടിയുടെ കുടുംബാഗംങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പിന്നീടങ്ങോട്ടുള്ള ജീവിതത്തില്‍ പി.ടി പിടിയായും ഉമ ഉമയായും ജീവിച്ചു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കള്‍ ജനിച്ചു, മൂത്ത മകന്‍ വിഷ്ണു. സ്വാമി വിവേകാനന്ദനോടുള്ള ഇഷ്ടം മനസില്‍ സൂക്ഷിച്ച പി.ടി ഇളയ മകന് വിവേക് എന്ന് പേരുനല്‍കി.
രാഷ്ട്രീയത്തിന്റെ തന്റെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോഴും അദ്ദേഹം തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നു. തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്കു പോലും തന്റെ നിലപാടുകളെ മാറ്റാന്‍ കഴിയില്ലെന്ന് അദ്ദഹം തെളിയിച്ചു. തൊടുപുഴയിലെ തോല്‍വി തന്നെ ഉദാഹരണം. തൊടുപുഴയില്‍ പി ജെ ജോസഫിനോട് പരാജയം സമ്മതിക്കുമ്പോഴും പരിസ്ഥിതി വിഷയങ്ങളിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്ന തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു.
നിയമസഭയില്‍ ഓരോ വിഷയങ്ങളിലും പിടി തന്റെ നിലപാട് കൃത്യമായി അറിയിച്ചിരുന്നു. സഭയില്‍ അദ്ദേഹം നടത്തുന്ന ഓരോ പ്രസംഗങ്ങളും മാധ്യമങ്ങളും സസൂഷ്മം ശ്രദ്ധിച്ചിരുന്നു. കാമ്പുള്ളതും കാര്യപ്രസക്തവുമായിരുന്നു അവയെല്ലാം.

Related Articles

Back to top button