LATESTNATIONAL

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവെച്ചു

ഛണ്ഡീഗഢ്: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഗവര്‍ണര്‍ ബര്‍വാരിലാല്‍ പുരോഹിതിന് കൈമാറി. ഏറെനാളായി പഞ്ചാബ് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന കലഹങ്ങള്‍ക്കൊടുവില്‍, തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അമരീന്ദറിന്റെ രാജി.
രാജിക്കത്ത് കൈമാറിയതിനു ശേഷം അമരീന്ദര്‍ രാജ്ഭവന് മുന്നില്‍ മാധ്യമങ്ങളെ കണ്ടു. ഏതെങ്കിലും പാര്‍ട്ടിയിലേക്ക് ചേരുമോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല. ഭാവി രാഷ്ട്രീയത്തില്‍ അവസരം ഉണ്ടെന്നും അത് ഉപയോഗപ്പെടുത്തുമെന്നും കൂടെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
പാര്‍ട്ടിയില്‍ താന്‍ പലതവണ അപമാനിക്കപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷയുമായി ഇന്ന് രാവിലെ താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിവെക്കുന്ന കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഈ മാസം തന്നെ ഇത് മൂന്നാം തവണയാണ് തന്റെ രാജി ആവശ്യപ്പെട്ട് എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ കാണുന്നത്. അതുകൊണ്ടാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിക്ക് ആരെയാണ് വിശ്വാസമുള്ളത്, അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതില്‍ നാല് മന്ത്രിമാരും ഉള്‍പ്പെടുന്നു. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.
117 അംഗ നിയമസഭയില്‍ 80 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ 78 പേരുടെ പിന്തുണ സിദ്ദുവിനുണ്ടെന്ന് നേരത്തെതന്നെ സിദ്ദു അനുകൂലികള്‍ അവകാശപ്പെട്ടിരുന്നു.

**

Related Articles

Back to top button