BREAKINGKERALA

പെന്‍ഷന്‍തുക തട്ടി ഒളിവില്‍ കഴിയുന്ന പ്രതിക്ക് സ്ഥലംമാറ്റ ഉത്തരവ്; നടപടി ലുക്ക് ഔട്ട് നോട്ടീസിരിക്കെ

കോട്ടയം: നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന പ്രതിക്കായി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍. പ്രതിയായ അഖില്‍ സി വര്‍ഗീസാണ് സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെട്ടത്. 2.39 കോടി തട്ടിയ അഖിലിനായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
കോട്ടയം നഗരസഭയില്‍ അഖില്‍ വര്‍ഗീസ് ജോലി ചെയ്ത് വരുന്നതിനിടയിലാണ് 2.39 കോടി പെന്‍ഷന്‍ തുക തട്ടിപ്പ് നടത്തിയതായി കണ്ടെത്തുന്നത്. നഗരസഭയിലെ പെന്‍ഷന്‍ തുക അഖില്‍ തന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കഴിഞ്ഞ ആഗസ്റ്റിലാണ് വ്യക്തമാകുന്നത്.
കേസ് വരുന്നതിന് മുന്‍പ് കൊടുത്ത ട്രാന്‍സ്ഫര്‍ അപേക്ഷയിലാണ് ഇപ്പോള്‍ ഓര്‍ഡര്‍ പുറത്തുവന്നത്. സ്വാഭാവികമായ നടപടിയാണെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രതികരണം. എന്നാല്‍ ഒളിവില്‍ കഴിയുകയും ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങുകയും ചെയ്ത ഒരു പ്രതിക്ക് ജോലിയില്‍ ട്രാന്‍സ്ഫര്‍ നല്‍കിക്കൊണ്ട് ഓര്‍ഡര്‍ ഇറങ്ങുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നാണ് ജീവനക്കാരുടെ പ്രതികരണം.
വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കോട്ടയം നഗരസഭയില്‍ ജോലിചെയ്തിരുന്ന സമയത്ത് പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതല്‍ അഖില്‍ നടത്തിയ പണമിടപാടില്‍ തട്ടിപ്പുണ്ടായെന്ന കണ്ടെത്തെലിനെത്തുടര്‍ന്നാണ് നഗരസഭാ സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയത്.
വിരമിച്ച ജീവനക്കാരിയല്ലാത്ത അമ്മയുടെ അക്കൗണ്ടിലേക്കാണ് അഖില്‍ പെന്‍ഷന്‍ തുക അനധികൃതമായി അയച്ചത്. നഗരസഭയില്‍നിന്ന് വിരമിച്ചവരുടെ ബാങ്ക് അക്കൗണ്ടില്‍ ചില അപാകതകള്‍ ഉള്ളതായി നേരത്തേ പ്രാഥമികറിപ്പോര്‍ട്ട് വന്നിരുന്നു. 2020 മുതല്‍ അഖില്‍ സി. വര്‍ഗീസ് പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്നതുമുതലാണ് സാമ്പത്തിക തിരിമറി നടന്നിട്ടുള്ളതെന്നാണ് കണ്ടെത്തല്‍. ഇയാളുടെ അമ്മ പി. ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അനധികൃതമായി പെന്‍ഷന്‍ തുക അയച്ചതായാണ് കണ്ടെത്തിയത്.

Related Articles

Back to top button