BREAKINGNATIONAL

‘പേടിസ്വപ്നങ്ങളും ഭാര്യയ്ക്കും മകനും ഗുരുതര രോഗങ്ങളും’; മോഷ്ടിച്ച വിഗ്രഹങ്ങള്‍ തിരിച്ചുനല്‍കി കള്ളന്‍

പ്രയാഗ്രാജ്: ക്ഷേത്രത്തില്‍നിന്ന് വിലപിടിപ്പുള്ള വിഗ്രഹങ്ങള്‍ കടത്തിയ അജ്ഞാതമോഷ്ടാവ് ‘കുറ്റസമ്മതപത്രിക’യോടെ അവ തിരികെയേല്‍പ്പിച്ചു. പേടിസ്വപ്നങ്ങളും കുടുംബാംഗങ്ങളുടെ ഗുരുതര രോഗങ്ങളുമാണ് വിഗ്രഹങ്ങള്‍ തിരികെയേല്‍പ്പിക്കാനുള്ള കാരണങ്ങളായി മോഷ്ടാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ഗൗ ഘട്ട് ആശ്രമം ക്ഷേത്രത്തിലെ കൃഷ്ണന്റേയും രാധയുടേയും അഷ്ടലോഹ വിഗ്രഹങ്ങളാണ് മോഷണം പോയത്. മോഷണം നടന്ന് ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ക്ഷേത്രത്തിന്റെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിഗ്രഹങ്ങള്‍ കണ്ടുകിട്ടുകയും ചെയ്തു.
വിഗ്രഹങ്ങള്‍ക്കൊപ്പം ലഭിച്ച കത്തില്‍ മോഷണത്തിന് ശേഷം പേടിസ്വപ്നങ്ങള്‍ കാരണം ഒരു ദിവസം പോലും സമാധാനമായി ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്ന് മോഷ്ടാവ് പറഞ്ഞിരിക്കുന്നു. കൂടാതെ മോഷണം നടത്തിയതിന് മാപ്പ് നല്‍കണമെന്ന അപേക്ഷയും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ 23 നാണ് വിഗ്രഹങ്ങള്‍ മോഷണം പോയതായി ക്ഷേത്രപുരോഹിതനായ സ്വാമി ജയ്റാം ദാസ് മഹാരാജ് പരാതി നല്‍കിയതെന്ന് നവാബ്ഗഞ്ജ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ മിശ്ര പറഞ്ഞു. ഭാരതീയ ന്യായ് സംഹിതയുടെ ബന്ധപ്പെട്ട വകുപ്പനുസരിച്ച് പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ചൊവ്വാഴ്ച ഒരാള്‍ ആശ്രമം റോഡില്‍ ഒരു ചാക്കുപേക്ഷിച്ച് ഓടുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ സംശയിക്കുകയും ഭയപ്പെടുകയും ചെയ്തു. പിന്നീട് ചാക്ക് തുറന്നു നോക്കിയതോടെ വിഗ്രഹങ്ങള്‍ കാണുകയും ക്ഷേത്രത്തിലെ പുരോഹിതനേയും പോലീസിനേയും വിവരമറിയിക്കുകയും ചെയ്തു. കൂടാതെ കത്തും ചാക്കിലുണ്ടായിരുന്നു.
‘മഹാരാജ് ജി പ്രണാമം, ഞാനൊരു വലിയ തെറ്റ് ചെയ്തു. കരുതിക്കൂട്ടിയല്ലാതെ കൃഷ്ണഭഗവാന്റേയും രാധയുടേയും വിഗ്രഹങ്ങള്‍ ഞാന്‍ മോഷ്ടിച്ചു. മോഷണം നടത്തിയതുമുതല്‍ പേടിസ്വപ്നങ്ങള്‍ കാണുന്നു. എനിക്കുറങ്ങാനോ കഴിക്കാനോ സമാധാനമായിരിക്കാനോ സാധിക്കുന്നില്ല. മാത്രമല്ല, കുറച്ചുപണത്തിനായി ഞാന്‍ ഈ മോഷണം നടത്തിയതിനു പിന്നാലെ എന്റെ മകനും ഭാര്യയും ഗുരുതരരോഗികളായി മാറിയിരിക്കുകയാണ്. വില്‍പന ലക്ഷ്യംവെച്ച് ഞാന്‍ വിഗ്രഹത്തിന് കേടുവരുത്തുകയും ചെയ്തു. പേക്കിനാവുകള്‍ കൊണ്ട് ഞാന്‍ മടുത്തിരിക്കുകയാണ്. നിങ്ങളുടെ സ്വത്ത് ഞാന്‍ മടക്കി നല്‍കുകയാണ്.’ മോഷ്ടാവ് എഴുതി.
കൂടാതെ മാപ്പ് തേടുകയും വിഗ്രഹങ്ങള്‍ ക്ഷേത്രത്തില്‍ തിരികെവെക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രപുരോഹിതന്‍ വിഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി.

Related Articles

Back to top button