തിരുവനന്തപുരം: വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും കാരണം പോലീസില്‍ ആത്മഹത്യകള്‍ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജൂലൈ 24 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ 5 പോലീസുകാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് പരാതി. പോലീസിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സഹപ്രവര്‍ത്തകരുടെ ആത്മഹത്യ സജീവ ചര്‍ച്ചയാണെന്ന് വാര്‍ത്തകളില്‍ പറയുന്നു. പോലീസ് സ്റ്റേഷന്റെ ഭരണം സി.ഐ മാര്‍ ഏറ്റെടുത്തതോടെയാണ് പ്രശ്‌നം രൂക്ഷമായത്. എസ്.ഐ മാര്‍ എസ്.എച്ച്.ഒ മാര്‍ ആയിരുന്നപ്പോള്‍ പോലീസുകാരുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കിയാണ് ഡ്യൂട്ടി നിശ്ചയിച്ചിരുന്നതെന്നും പറയുന്നു.
ആത്മഹത്യ ചെയ്ത പോലീസുകാര്‍ അച്ചടക്ക നടപടിക്ക് വിധേയരായവരാണ്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് അച്ചടക്ക നടപടികളെടുക്കുന്നതെന്നും പരാതിയുണ്ട്.വിഴിഞ്ഞം എസ്.ഐ കുരുവിള ജോര്‍ജ് , വണ്ടന്‍മേട് സ്റ്റേഷന്‍ സി.പി.ഒ എ.ജി. രതീഷ്, കൊച്ചി ഇന്‍ഫോ പാര്‍ക്ക് സ്റ്റേഷനിലെ മധു. തൃശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ ജിമ്മി ജോര്‍ജ്, ആലപ്പുഴ സായുധ പോലീസ് ക്യാമ്പിലെ ഡ്രൈവര്‍ സുധീഷ് എന്നിവരാണ് കഴിഞ്ഞ ആഴ്ചയില്‍ ജീവനൊടുക്കിയതെന്ന് പത്രവാര്‍ത്തയില്‍ പറയുന്നു.
1,116 1 minute read