BREAKING NEWSKERALALATEST

പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി വക്താവിന്റെ പ്രവാചക നിന്ദാ പ്രസ്താവനയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിന് മുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍ ശക്തികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതില്‍ ഏറ്റവും പുതിയ അധ്യായമാണ് പ്രവാചകനെതിരായി പ്രസ്താവനകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോള്‍വാള്‍ക്കര്‍ ചിന്തയാണ് ബിജെപി നേതാവിന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. ഓരോ പൗരനും അയാള്‍ക്ക് ഇഷ്ടമുള്ള മതങ്ങളില്‍ വിശ്വസിക്കാനുള്ള അവകാശം നല്‍കുന്ന നമ്മുടെ ഭരണഘടനയെ അവര്‍ തീര്‍ത്തും അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റൊരു മതസ്ഥന്റെ വിശ്വാസത്തേയും സംസ്‌കാരത്തേയും അവഹേളിക്കാനോ നിഷേധിക്കാനോ ഉള്ള അവകാശം ഭരണഘടന ആര്‍ക്കും നല്‍കുന്നില്ല. നാടിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നികൃഷ്ട ശ്രമങ്ങള്‍ക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വര്‍ഗീയ ശക്തികള്‍ക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും ഒറ്റക്കെട്ടായ എതിര്‍പ്പ് ഉയര്‍ന്നു വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related Articles

Back to top button