BREAKINGINTERNATIONAL

ഭക്ഷണം കഴിക്കാന്‍ വരുന്നവരെ ചീത്തവിളിക്കും, അപവാദം പറയും, ചെരിപ്പുകൊണ്ട് തല്ലും; ജപ്പാനിലെ ഒരു വേറിട്ട കഫെ

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ് ഉപഭോക്താക്കളെ അപമാനിക്കുന്ന ജപ്പാനിലെ ഒരു പോപ്പ്-അപ്പ് കഫെ. ജാപ്പനീസ് നിര്‍മ്മാതാവും സോഷ്യല്‍ മീഡിയ താരവുമായി നോബുയുകി സകുമയുടെ മോശം ഭാഷ പറയുന്ന ഓണ്‍ലൈന്‍ ഷോകളുടെ ആരാധകര്‍ക്കുള്ള പ്രത്യേക ട്രീറ്റായാണ് സെപ്തംബര്‍ 14 മുതല്‍ 23 വരെ ടോക്കിയോയില്‍ ഈ ഭക്ഷണശാല തുറന്നത്. ഭക്ഷണശാലയില്‍ വരുന്നവരില്‍ വാക്കാല്‍ തുടര്‍ച്ചയായി അധിക്ഷേപം കേള്‍ക്കുമ്പോഴും അതിനെ ചിരിച്ചുകൊണ്ട് നേരിടുന്നവരെ വിജയികളായി പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു ഈ കഫെ ഒരുക്കിയിരുന്നത്.
ഭംഗിയുള്ള പിങ്ക് ആപ്രോണ്‍ മുതല്‍ മിഷേലിന്‍ ഷെഫ് ഷുഹെയ് സവാദയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ഭക്ഷണം വരെ അനവധി കാര്യങ്ങള്‍ വാഗ്ദ്ധാനം ചെയ്യുന്ന ഈ കഫെ ആദ്യ കാഴ്ചയില്‍ ഒരു സാധാരണ ജാപ്പനീസ് റെസ്റ്റോറന്റാണെന്ന് മാത്രമേ തോന്നുകയുള്ളൂ. എന്നാല്‍, റെസ്റ്റോറന്റില്‍ കയറി അല്പസമയം കഴിഞ്ഞാല്‍ ജീവനക്കാര്‍ ഉപഭോക്താക്കളെ ശകാരിക്കാന്‍ തുടങ്ങും. മോശമായ വാക്കുകള്‍ ഉപയോഗിച്ച് പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യും.
ഭക്ഷണം ഓര്‍ഡര്‍ ചെയ്താലും അത് കൊണ്ടുവന്ന് തരാതെ അധിക്ഷേപം തുടരും. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിച്ചാലും അത് കഴിക്കാന്‍ അനുവദിക്കാതെ വെയിറ്റര്‍മാര്‍ പരിഹസിച്ചു കൊണ്ടേയിരിക്കും. കഫേയില്‍ ഒരേ സമയം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന പത്തോളം പരിചാരകമാരാണ് ഉള്ളത്. ഇവര്‍ ചിലപ്പോള്‍ ഒറ്റയ്ക്കും കൂട്ടമായും ഉപഭോക്താക്കളെ അധിക്ഷേപിച്ചു കൊണ്ടേയിരിക്കും.
ഓരോ ഉപഭോക്താവിനും ഒരു മണിക്കൂര്‍ മാത്രമേ അധിക്ഷേപിക്കുന്ന സേവനം ആസ്വദിക്കാന്‍ കഴിയൂ, കൂടാതെ മുന്‍കൂട്ടി ബുക്ക് ചെയ്യുകയും വേണം. പണമടച്ചുള്ള വിഐപി സേവനവും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ ചെരിപ്പുകൊണ്ടുള്ള തല്ല് വരെ പെടുന്നു.

Related Articles

Back to top button