BREAKINGKERALA

പത്താം ക്ലാസ് പാസായവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നത് സര്‍ക്കാര്‍ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പത്താം ക്ലാസ് പാസായ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഷ്ടപ്പെട്ട് പഠിച്ചാണ് കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷ പാസാകുന്നത്. അതുകൊണ്ടാണ് അവര്‍ക്കെല്ലാം പ്ലസ് ടു പഠനത്തിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിയത്. മന്ത്രി സജി ചെറിയാന്‍ പ്രസംഗത്തിന്റെ ഒരു ഒഴുക്കിനു വേണ്ടി പറഞ്ഞതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പത്താം ക്ലാസ് പാസായ ചില കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല എന്നാണ് താന്‍ പറഞ്ഞതെന്നും പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി സജി ചെറിയാന്‍ സഭയില്‍ തന്നെ നിലപാട് അറിയിച്ചു. വീടിനടുത്തുള്ള വിഷ്ണുരാജ് എന്ന് പേരുള്ള ഒരു കുട്ടി വീട്ടില്‍ വന്ന് തനിക്കൊരു അപേക്ഷ തന്നു. അതില്‍ നിരവധി അക്ഷരത്തെറ്റ് കണ്ടു. അത് കണ്ടപ്പോള്‍ വിഷമം തോന്നി. അതാണ് എഴുത്തും വായനയും അറിയാത്ത ചില കുട്ടികളുണ്ടെന്ന് പ്രസംഗത്തില്‍ പറയാന്‍ കാരണം. അത് മൊത്തത്തില്‍ കേരളത്തില്‍ പ്രശ്‌നമാക്കേണ്ടതില്ല. ഓള്‍ പാസ് യുഡിഎഫ് കാലത്തും ഇപ്പോഴും ഉണ്ട്. അതിനെ പര്‍വ്വതീകരിക്കേണ്ട കാര്യമില്ല. താനൊരു വിഷയം പറഞ്ഞു, ജനാധിപത്യ രാജ്യമല്ലേ ചര്‍ച്ച നടക്കട്ടെയെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.

Related Articles

Back to top button