KERALALATEST

ഭക്ഷ്യമന്ത്രിക്ക് സ്‌കൂളില്‍ നല്‍കിയ ഭക്ഷണത്തില്‍ തലമുടി; സ്വാഭാവികമെന്ന് മന്ത്രി അനില്‍

തിരുവനന്തപുരം: ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളിലെത്തിയ ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിന് കഴിക്കാന്‍ നല്‍കിയ ഭക്ഷണത്തില്‍ തലമുടി. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ഇരുന്ന് ഭക്ഷണം കഴിക്കവേയാണ് മന്ത്രിക്ക് പ്ലേറ്റില്‍നിന്ന് മുടി ലഭിച്ചത്. തുടര്‍ന്ന്, പ്ലേറ്റും ഭക്ഷണവും മാറ്റിവച്ച് മറ്റൊരു പാത്രത്തില്‍നിന്ന് മന്ത്രി ഭക്ഷണം കഴിച്ചു.
മുടിയല്ല, തേങ്ങ ചിരകിയത് മറ്റോ വന്നതാകാമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നതല്ലേ, അത് സ്വാഭാവികമാണ്. ആവശ്യത്തിന് പാചക ശുചീകരണ തൊഴിലാളികളുടെ കുറവുണ്ട്. അത് കുറച്ചുകൂടി ഗൗരവമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തും. ഭക്ഷണം തയാറാക്കുന്നതിലും വിളമ്പുന്നതിലും വൃത്തി ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളില്‍ പാചക തൊഴിലാളികള്‍ കുറവാണെന്ന് പ്രധാനാധ്യാപിക പറഞ്ഞു. സ്‌കൂളില്‍ ഭക്ഷണം കഴിക്കുന്ന കുട്ടുകള്‍ ആയിരത്തിനു മുകളിലുണ്ട്. രണ്ട് ജീവനക്കാര്‍ മാത്രമാണുള്ളത്. അവരാണ് എല്ലാ ജോലിയും ചെയ്യുന്നത്. നാളെ മുതല്‍ പ്രഭാത ഭക്ഷണവും ഉണ്ട്. രാവിലെ 8.30ന് ഭക്ഷണം കൊടുക്കണം. ആ ഭക്ഷണമൊരുക്കുന്നതും രണ്ടു ജീവനക്കാരാണെന്നും പ്രധാനാധ്യാപിക പറഞ്ഞു.
മുടി എന്നത് സാധാരണ എല്ലാ വീടുകളിലും കിട്ടാറുണ്ടെന്നും അതൊരു തെറ്റായി തോന്നുന്നില്ലെന്നും പ്രധാനാധ്യാപിക കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button