BREAKING NEWSLATESTNATIONAL

ഭീരുക്കള്‍ക്ക് പാര്‍ട്ടി വിട്ടുപോകാം, കോണ്‍ഗ്രസിന് വേണ്ടത് ഭയമില്ലാത്ത നേതാക്കളെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനുവേണ്ടത് ഭയമില്ലാത്ത നേതാക്കളെയാണെന്നും അല്ലാത്തവരെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കള്‍ക്കെതിരായ രാഹുലിന്റെ പരാമര്‍ശം.
‘ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്കെത്തിക്കണം. ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്. അത്തരക്കാര്‍ക്ക് ആര്‍.എസ്.എസ്സിലേക്ക് പോകാം. ഞങ്ങള്‍ക്കു നിങ്ങളെ ആവശ്യമില്ല. ഭയമില്ലാത്ത ആളുകളെയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇതാണ് എനിക്ക് അടിസ്ഥാനപരമായി പറയാനുള്ളത്’, രാഹുല്‍ വ്യക്തമാക്കി.
അടുത്തിടെ ബി.ജെ.പി.യില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ എന്നിവരെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. മധ്യപ്രദേശിലെ ഒട്ടേറെ കോണ്‍ഗ്രസ് എം.എല്‍.എ.മാരുമായി ബി.ജെ.പി.യിലെത്തിയ സിന്ധ്യ അടുത്തിടെ കേന്ദ്രമന്ത്രിസഭാംഗമായിരുന്നു.
അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ജിതിന്‍ പ്രസാദയ്ക്ക് സുപ്രധാനപദവി നല്‍കുമെന്നാണ് വിവരം. ജൂണിലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോറിനു പാര്‍ട്ടിയിലേക്കുള്ള ക്ഷണമാണ് രാഹുലിന്റെ പരാമര്‍ശമെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് രാഹുല്‍ കിഷോറിനെ അറിയിച്ചതായി പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു.

Related Articles

Back to top button