അന്റാര്‍ട്ടിക്ക എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് വരുന്നത് മഞ്ഞുമൂടിയ തൂവെള്ള ഭൂപ്രദേശമാണോ? എങ്കില്‍ ഒരു ആ ചിത്രം മനസ്സില്‍ നിന്നും പതിയെ മായിക്കേണ്ട സമയമായിരിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി മഞ്ഞ് മൂടിയിരുന്ന ഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളും ഇന്ന് ഹരിതാഭമായി മാറി കഴിഞ്ഞിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
അന്റാര്‍ട്ടിക്കയിലെ സസ്യജാലങ്ങളുടെ അളവ് വിശകലനം ചെയ്തു നടത്തിയ പഠനത്തില്‍ മുന്‍ കാലങ്ങളിലേക്കാള്‍ വലിയതോതില്‍ സസ്യജാലങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. എക്‌സെറ്റര്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ സര്‍വകലാശാലകളിലെ ഗവേഷകരാണ് സാറ്റലൈറ്റ് ഇമേജറിയും ഭൂഖണ്ഡത്തില്‍ നിന്നുള്ള ഡാറ്റയും ഉപയോഗിച്ചുള്ള പഠനത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ അന്റാര്‍ട്ടിക്കയിലെ പച്ചപ്പ് പത്തു മടങ്ങ് വര്‍ധിച്ചതായാണ് പഠനത്തില്‍ പറയുന്നത്. പായല്‍ വിഭാഗത്തില്‍പ്പെട്ട സസ്യങ്ങളാണ് ഇപ്പോള്‍ ഇവിടെ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.
1986-ല്‍ 0.4 ചതുരശ്ര മൈല്‍ മാത്രമുണ്ടായിരുന്ന സസ്യജാലങ്ങള്‍ 2021-ല്‍ ഏതാണ്ട് 5 ചതുരശ്ര മൈലിലെത്തിയതായി പഠനം കണ്ടെത്തി. 2016 മുതല്‍ 2021 വരെയുള്ള അഞ്ച് വര്‍ഷത്തില്‍ സസ്യജാലങ്ങളുടെ വളര്‍ച്ചാ നിരക്കില്‍ 30 % -ത്തിലധികം വര്‍ദ്ധനവ് ഉണ്ടായതായാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനുള്ള കാരണമായി പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. അന്റാര്‍ട്ടിക്കന്‍ ഭൂപ്രകൃതിയില്‍ വന്ന ഈ മാറ്റങ്ങള്‍ ബഹിരാകാശത്ത് നിന്നും ദൃശ്യമാണന്നും ഗവേഷകര്‍ പറയുന്നു.
ഭൂപ്രകൃതി ഏതാണ്ട് പൂര്‍ണ്ണമായും മഞ്ഞുവീഴ്ചയുള്ളതാണെങ്കിലും, സസ്യജാലങ്ങള്‍ വേരുറപ്പിച്ച ഭൂപ്രദേശത്തിന്റെ വ്യാപ്തി ഇപ്പോള്‍ അന്റാര്‍ട്ടിക്കയില്‍ കൂടി വരികയാണ്. കാലാവസ്ഥ ചൂടുപിടിക്കുകയും ഈ സസ്യ ആവാസവ്യവസ്ഥകള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍, പച്ചപ്പ് ഇനിയും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. നിലവില്‍ അന്റാര്‍ട്ടിക്കയിലെ മണ്ണ്, സസ്യജാലങ്ങള്‍ക്ക് വളരാന്‍ സാധിക്കുന്നത്ര ഗുണനിലവാരം ഇല്ലാത്തതാണെങ്കിലും ഇപ്പോള്‍ സസ്യജാലങ്ങളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ് മണ്ണിലേക്ക് കൂടുതല്‍ ജൈവ വസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുകയും അത് ഫലഭൂയിഷ്ടമായ മണ്ണിന്റെ രൂപീകരണത്തെ സുഗമമാക്കാനുള്ള സാധ്യതകള്‍ കൂടുതലാക്കുമെന്നും ഗവേഷകര്‍ പറഞ്ഞു. അന്റാര്‍ട്ടിക്കയിലെ ഹരിതവല്‍ക്കരണ പ്രക്രിയകളെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും നിലവിലെ പഠനം അന്റാര്‍ട്ടിക്കയുടെ ഭാവിയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.