ന്യൂഡല്‍ഹി: മതപഠന കേന്ദ്രത്തില്‍വെച്ച് അഞ്ചു വയസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ മദ്രസയിലായിരുന്നു സംഭവം. മദ്രസയ്ക്ക് ലീവ് ലഭിക്കാന്‍ വേണ്ടിയാണ് മൂന്നു കുട്ടികള്‍ ചേര്‍ന്ന് ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അഞ്ചു വയസുകാരനായ തന്റെ മകന് അപകടം സംഭവിച്ചതായി ആരോപിച്ച് ഒരു സ്ത്രീ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ കണ്ടത് കുട്ടിയുടെ മാതാവിനടുത്ത് കുട്ടിയെ കിടത്തിയിരിക്കുന്നതാണ്. കഴുത്തിലും വയറിലുമായി കുമിളകള്‍ പോലെ കാണപ്പെട്ടതായി പോലീസ് പറയുന്നു.
കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിയുകയായിരുന്നു. ആന്തരികാവയവത്തില്‍ ക്ഷതമേറ്റിരുന്നു. കുട്ടി മര്‍ദ്ദനത്തിനിരയായതായും കണ്ടെത്തി.
സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ് അന്വേഷണം നടത്തി. തുടര്‍ന്നാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്. പതിനൊന്ന് വയസുള്ള രണ്ടു വിദ്യാര്‍ഥികളും ഒമ്പത് വയസുള്ള ഒരു വിദ്യാര്‍ഥിയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കുട്ടികള്‍ക്ക് വീട്ടില്‍പോകാന്‍ അവധി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സ്ഥാപനത്തിന് അവധി ലഭിക്കുന്നതിനുവേണ്ടിയാണ് കുട്ടികള്‍ കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ടി.വിയില്‍ കണ്ട രംഗം അനുകരിച്ച് ഇവര്‍ കൊലപാതകം നടത്തുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു.
നിലവില്‍ മദ്രസ അടയ്ക്കുകയും എല്ലാ വിദ്യാര്‍ഥികളെയും അവരുടെ വീടുകളിലേക്ക് അയയ്ക്കുകയും ചെയ്തിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജുവനൈല്‍ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
99 1 minute read