BREAKINGKERALA
Trending

മലങ്കരസഭാ തര്‍ക്കം; വിധി നടപ്പാക്കുന്നതിനുള്ള നടപടിക്രമം സര്‍ക്കാര്‍ സമര്‍പ്പിക്കണം-സുപ്രീം കോടതി

ന്യൂഡല്‍ഹി : ഓര്‍ത്തോഡോക്സ് യാക്കോബായ സഭാ തര്‍ക്കത്തില്‍ സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി. 2017 ല്‍ കെ.എസ് വര്‍ഗീസ് കേസില്‍ സുപ്രീംകോടതി പുറപ്പടുവിച്ച വിധി നടപ്പാക്കുന്നതിനുള്ള നടപടിക്രമം സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്. ആരാധനാലയങ്ങള്‍ ഏറ്റെടുക്കാന്‍ പോലീസിനെ എങ്ങനെ അയക്കാനാകുമെന്നും സുപ്രീംകോടതി ആരാഞ്ഞു.
ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ ഉള്‍പ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണം ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഇരുപതോളം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഹൈക്കോടതിയുടെ കോടതിയ ലക്ഷ്യ നടപടി ചോദ്യം ചെയ്ത് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് 2017 ലെ വിധി നടപ്പാക്കുന്നതിനുള്ള നടപടിക്രമം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികള്‍ 1934 ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന് ആയിരുന്നു 2017 ലെ സുപ്രീംകോടതി വിധി.
മുന്‍ ചീഫ് സെക്രട്ടറി ഡോ വി വേണു, പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഐ ജി സെന്‍ട്രല്‍ സോണ്‍ നീരജ് കുമാര്‍ ഗുപ്ത, എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് കുമാര്‍, എറണാകുളം റൂറല്‍ എസ് പി വിവേക് കുമാര്‍, പാലക്കാട് കളക്ടര്‍ എസ്.ചിത്ര, പാലക്കാട് എസ്.പി ആര്‍ ആനന്ദ് തുടങ്ങി രണ്ട് ഡസനോളം ഉദ്യോഗസ്ഥരോട് ഈ മാസം 29 ന് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് സുപ്രീം കോടതി ഉദ്യോഗസ്ഥര്‍ക്ക് ഇളവ് അനുവദിച്ചു.
ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജി ഡിസംബര്‍ മൂന്നിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവര്‍ ഹാജരായി. ഓര്‍ത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ കെ വേണുഗോപാല്‍, സി.യു സിംഗ്, കൃഷ്ണന്‍ വേണുഗോപാല്‍, അഭിഭാഷകന്‍ ഇ.എം എസ് അനാം എന്നിവര്‍ ഹാജരായി. യാക്കോബായ സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍, അഭിഭാഷകന്‍ എ രഘുനാഥ് എന്നിവരാണ് ഹാജരായത്.

Related Articles

Back to top button