BREAKINGKERALA
Trending

മല്ലപ്പള്ളി പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണം ഇപ്പോള്‍ വേണ്ടെന്നു സര്‍ക്കാര്‍

തിരുവനനന്തപുരം: മല്ലപ്പള്ളിയില്‍ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച കേസില്‍ മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണം വേണ്ടെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍. സജി ചെറിയാന്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും വരെ കാത്തിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
എന്നാല്‍ തുടരന്വേഷണം വേണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. സജി ചെറിയാന് അനുകൂലമായ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു കോടതി തീരുമാനം. മറുഭാഗത്ത് നില്‍ക്കുന്നത് മന്ത്രിയായതിനാല്‍ സത്യസന്ധനായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. അന്വേഷണസംഘം രൂപീകരിക്കാന്‍ തയ്യാറാണെന്ന കാര്യം ക്രൈം ബ്രാഞ്ച് മേധാവി ഇന്നലെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ഇടപ്പെട്ട് അന്വേഷണം തടഞ്ഞത്.പാര്‍ട്ടി അനുമതി നല്‍കിയ സാഹചര്യത്തില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സജി ചെറിയാന്‍ ഡിവിഷന്‍ ബെഞ്ചിനെ ഉടന്‍ സമീപിച്ചേക്കും. ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തില്‍ ഹൈക്കോടതി സ്വമേധ ഇടപെടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ല .
അതേസമയം, മന്ത്രിക്കെതിരായ തുടരന്വേഷണം തടഞ്ഞതില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.ഭരണഘടന വിവാദ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് ആവശ്യം ഉന്നയിച്ചാണ് സന്ദീപ് വാര്യരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

Related Articles

Back to top button