തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് പി.വി അന്‍വര്‍ എം.എല്‍.എ. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അന്‍വര്‍ പറഞ്ഞു. ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’ എന്ന് മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശത്തിലാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അന്‍വര്‍ മാപ്പുപറഞ്ഞത്.
‘നിയമസഭ മന്ദിരത്തിന് മുന്നില്‍വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോള്‍ എന്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’ എന്ന പരാമര്‍ശം ഉണ്ടായി. അപ്പന്റെ അപ്പന്‍ എന്ന രീതിയില്‍ അല്ല ഉദ്ദേശിച്ചത്. എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനോട് എത്ര വലിയ ആളാണെങ്കിലും ഞാന്‍ പ്രതികരിക്കും എന്നാണ് ഉദ്ദേശിച്ചത്. എന്റെ വാക്കുകള്‍ അങ്ങനെ ആയിപ്പോയതില്‍ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു’, പി.വി അന്‍വര്‍ പറഞ്ഞു.
നിയമസഭ മന്ദിരത്തിന് മുന്നില്‍വെച്ചാണ് അന്‍വര്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രിയെക്കുറിച്ച് പ്രതികരിച്ചത്. മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ജീവിക്കാന്‍ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും ഉള്‍പ്പടെ അന്‍വര്‍ ആരോപിച്ചു. ഈ കപ്പല്‍ മുങ്ങാന്‍ പോകുന്ന കപ്പലാണെന്നും കപ്പിത്താനും കുടുംബവും മാത്രം രക്ഷപ്പെടുന്ന രാഷ്ട്രീയത്തിലേക്കാണ് കേരളം പോകുന്നതെന്നും അന്‍വര്‍ പറഞ്ഞു. ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും. അതില്‍ യാതൊരു തര്‍ക്കവുമില്ല. എന്റെ അഭിമാനമാണ് വലുത്. എഡിജിപി അജിത് കുമാറിനെതിരെ ഒരുവാക്ക് പോലും പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല’, എന്നും അന്‍വര്‍ പറഞ്ഞിരുന്നു.
110 1 minute read