BREAKING NEWSKERALA

യുവമോര്‍ച്ച ദേശീയ പതാകയെ അവഹേളിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

പാലക്കാട്: യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരംഗ യാത്രക്കിടെ ദേശീയ പതാകയെ അവഹേളിച്ചതായി പരാതി. ദേശീയപതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ പാലിക്കേണ്ടിയിരുന്ന പെരുമാറ്റ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് വിനോദ് ചേറാടാണ് എസ്.പിക്ക് പരാതി നല്‍കിയത്.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേശീയപതാക പൊതുമധ്യത്തില്‍ താഴ്ത്തിപിടിക്കുകയും നിലത്തു മുട്ടിക്കുകയും ചെയ്തത് ചട്ടലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ അടിയന്തിര നിയമനട പടികള്‍ സ്വീകരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.

യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതി ഇങ്ങനെ:
ആഗസ്ത് ഏഴിന് പാലക്കാട് വിക്ടോറിയാ കോളേജ് ജംഗ്ഷന്‍ മുതല്‍ പാലക്കാട് കോട്ടമൈതാനം വരെ യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മിറ്റി 5 മണിക്കും 6 മണിക്കും ഇടയില്‍ നടത്തിയ പ്രകടനത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയെ അവഹേളിക്കുന്ന തരത്തിലും പൊതുമധ്യത്തില്‍ അപമാനിക്കുന്ന തരത്തിലും പെരുമാറിയിട്ടുള്ളതാണ്. ദേശീയ പൊതുജനമധ്യത്തില്‍ താഴ്ത്തിപിടിച്ചും നിലത്തുമുട്ടിച്ചും, ദേശീയപതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ പാലിക്കേണ്ടിയിരുന്ന പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാതെയുമാണ് ടിയാളുകള്‍ ഇപ്രകാരം പ്രവര്‍ത്തിച്ചിട്ടുള്ളത്. മേല്‍ പ്രവര്‍ത്തകള്‍ ഫ്‌ളാഗ് കോഡ് ഓഫ് ഇന്‍ഡ്യ 2002, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് റ്റു നാഷണല്‍ ഹോണേഴ്‌സ് ആക്ട് 1971 എന്നിവയുടെ ലംഘനവും ആകുന്നു. ദേശീയ പതാകയെ പൊതുമധ്യത്തില്‍ അപമാനിച്ചതിലൂടെയും, ആയതിനോട് അനാദരവ് കാണിച്ചതിലൂടെയും പ്രിവന്‍ഷന്‍ ഓഫ് ഇന്‍സല്‍ട്ട് റ്റു നാഷണല്‍ ഹോണേഴ്‌സ് ആക്ട് 1971 വകുപ്പ് 2 പ്രകാരം ടിയാളുകള്‍ ക്രിമിനല്‍ കുറ്റ കൃത്യം ചെയ്തിട്ടുള്ളതായാല്‍ കുറ്റക്കാര്‍ക്കെതിരെ അടിയന്തിര നിയമനട പടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
എന്നാല്‍ ദേശീയ പതാകയെ അവഹേളിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് പ്രശാന്ത് ശിവന്‍ പറഞ്ഞു.കഴിഞ്ഞ ദിവസം പാലക്കാട് വിക്ടോറിയാ കോളേജ് ജംഗ്ഷന്‍ മുതല്‍ കോട്ടമൈതാനം വരെയായിരുന്നു യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തിരംഗ് യാത്ര. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പാലക്കാട് യുവമോര്‍ച്ച തിരംഗ് യാത്ര സംഘടിപ്പിച്ചത്. മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് എല്ലായിടത്തും യുവമോര്‍ച്ച തിരംഗ് യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. കേരളത്തില്‍ മറ്റു ജില്ലകളിലും വരും ദിവസങ്ങളില്‍ യാത്ര നടക്കും.

Related Articles

Back to top button