BREAKING NEWSKERALA

ലീഡ് 10,000 കടന്നു, ‘വിജയക്കര’ തൊട്ട് ഉമ

കൊച്ചി: ഭൂരിപക്ഷം പടിപടിയായി ഉയര്‍ത്തി 10,000 കടന്ന് തൃക്കാക്കരയിലെ വിജയക്കരതൊട്ട് ഉമാ തോമസ്. മുഖ്യമന്ത്രിയുടെ സെഞ്ച്വറി എന്ന സ്വപ്‌നം തല്ലിക്കെടുത്തിയാണ് ഉമ തൃക്കാക്കരക്കാരുടെ മനസില്‍ ഇടം നേടിയത്. കെ റെയില്‍ ഉള്‍പ്പടെയുള്ള വികസനങ്ങളും മറ്റും ഉര്‍ത്തിക്കാട്ടിയെങ്കിലും ജനം നിഷ്‌കരുണം ഭരണമുന്നണിയെ തള്ളിക്കളഞ്ഞിരിക്കുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ ഘട്ടത്തിലും ലീഡ് ഉയര്‍ത്തിക്കൊണ്ടുള്ള ഉമാ തോമസിന്റെ കുതിപ്പ് യുഡിഎഫ് പ്രതീക്ഷകളേപ്പോലും മറികടന്നുകൊണ്ടാണ്. ആദ്യ മൂന്ന് റൗണ്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 2021ല്‍ പി.ടി തോമസ് ഈ ഘട്ടത്തില്‍ നേടിയതിന്റെ ഇരട്ടിയോടടുത്ത ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.
ആദ്യ മൂന്ന് റൗണ്ടുകളില്‍ പി.ടി തോമസിന് ലഭിച്ച ലീഡ് യഥാക്രമം 1258, 1180, 693 എന്നിങ്ങനെയാണ്. ഇത് മറികടന്നുകൊണ്ട് മണ്ഡലത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്ന സൂചനയാണ് വോട്ടെണ്ണല്‍ നല്‍കുന്നത്. 2197, 2290, 1531 എന്നിങ്ങനെയാണ് ആദ്യ മൂന്ന് റൗണ്ടുകളില്‍ ഉമയുടെ ലീഡ്. അതായത് ഈ ഘട്ടത്തില്‍ 3131 വോട്ടുകളുടെ ലീഡ് പി.ടി നേടിയപ്പോള്‍ 6018 വോട്ടുകളുടെ ലീഡാണ് ഉമാ തോമസിന്. ഇത് ഉയര്‍ന്നുയര്‍ന്ന് ഇപ്പോള്‍ പതിനായിരം കടന്നിരിക്കുന്നു. ഇത്തരത്തിലൊരു മുന്നേറ്റം യുഡിഎഫ് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വാസ്തവം. ഭൂരിപക്ഷം പി.ടി നേടിയതിന് മുകളില്‍ പോകും എന്ന് ഉറപ്പിച്ച ഈ ഘട്ടത്തില്‍ യുഡിഎഫ് ക്യാമ്പ് ആഹ്ലാദത്തിമിര്‍പ്പിലാണ്. വിജയമുറപ്പിച്ച് പ്രവര്‍ത്തകര്‍ തെരുവില്‍ ആഹ്ലാദപ്രകടനം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button