ദില്ലി: വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ യോഗം ഇന്ന് ചേരും. ജഗദാംബിക പാല്‍ എം പി അധ്യക്ഷനായ സമിതിയില്‍ 31 അംഗങ്ങളാണുള്ളത്. ലോക് സഭയില്‍ നിന്ന് 21 അംഗങ്ങളും, രാജ്യസഭയില്‍ നിന്ന് പത്തംഗങ്ങളും സമിതിയിലുണ്ട്. നിയമ, ന്യൂനപക്ഷ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ നിയമ ഭേദഗതിയെ കുറിച്ച് ജെ പി സി അംഗങ്ങളുമായി ചര്‍ച്ച നടത്തും. ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്ലിനെതിരെ ഭരണപക്ഷത്ത് നിന്ന് കൂടി എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സൂക്ഷ്മപരിശോധനക്കായി ജെ പി സിക്ക് വിട്ടത്.
അതേസമയം വഖഫ് ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതി ഒക്ടോബര്‍ 22 ന് ചേര്‍ന്ന യോഗത്തില്‍ വലിയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. ബി ജെ പി എംപി അഭിജിത് ഗംഗോപാധ്യായയുമായുള്ള രൂക്ഷമായ വാക്കേറ്റത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം പി കല്യാണ്‍ ബാനര്‍ജിക്ക് അന്ന് പരിക്കേറ്റിരുന്നു. ചര്‍ച്ചയ്ക്കിടെ കല്യാണ്‍ ബാനര്‍ജി ചില്ലുകുപ്പി എടുത്ത് മേശയില്‍ എറിഞ്ഞുടച്ചതും അപൂര്‍വ സംഭവങ്ങളിലൊന്നായി മാറി. ബാനര്‍ജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനുമാണ് അന്ന് പരിക്കേറ്റത്. ഇതിനു പിന്നാലെ ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വഖഫ് സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ നിന്ന് ഒരു ദിവസത്തേക്കാണ് ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്തത്.
എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി ജെപിസിയില്‍ ബില്ലിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു മണിക്കൂറോളം നീണ്ട അവതരണം അന്ന് നടത്തിയിരുന്നു. ഇതിനിടെ ബി ജെ പി അംഗങ്ങളും ഒവൈസിയും തമ്മിലും വാക്കേറ്റമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ യോഗത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതല്‍ നടപടികളുണ്ടാകുമെന്നാണ് സൂചന.
71 1 minute read