BREAKINGKERALA

വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വന്നത് ‘റെഡ് എന്‍കൗണ്ടേഴ്സ്’ ഗ്രൂപ്പില്‍ നിന്ന്; പ്രചരിപ്പിച്ചത് റിബീഷ്

കൊച്ചി: വടകരയിലെ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ വലിയ വിവാദമായി മാറിയ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യമെത്തിയത് വാട്‌സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ്. റെഡ് എന്‍കൗണ്ടേഴ്‌സ് എന്ന വാട്‌സാപ് ഗ്രൂപ്പിലാണ് ഈ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് ഹൈക്കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. റിബീഷ് രാമകൃഷ്ണന്‍ എന്നയാളാണ് സ്‌ക്രീന്‍ ഷോട്ട് ഈ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് റിബീഷ് വെളിപ്പെടുത്തിയില്ലെന്നും പൊലീസ് പറയുന്നു. റിബീഷിന്റെ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
റെഡ് എന്‍കൗണ്ടേഴ്‌സ് വാട്‌സാപ് ഗ്രൂപ്പില്‍ റിബീഷ് രാമകൃഷ്ണന്‍ പ്രചരിപ്പിച്ച ഈ സ്‌ക്രീന്‍ഷോട്ട് പിന്നീട് റെഡ് ബെറ്റാലിയനെന്ന ഗ്രൂപ്പിലിട്ടത് അമല്‍ രാമചന്ദ്രന്‍ എന്ന ആളാണ്. പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍ എന്നീ ഫേസ്ബുക്ക് പേജുകള്‍ക്ക് ഈ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നാണ് സ്‌കീന്‍ ഷോട്ട് ലഭിച്ചതും പൊലീസ് കണ്ടെത്തി. വടകര എസ് എച്ച് ഒ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ണായക വിവരങ്ങളുള്ളത്.
സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ മെറ്റ കമ്പനിയെടക്കം പ്രതി ചേര്‍ത്ത് കേസെടുത്തതായും പൊലീസ് കേടതിയെ അറിയിച്ചു. മെറ്റ കമ്പനിയെ മൂന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്ക്, വാട്‌സ് ആപ് വിവരങ്ങള്‍ കൈമാറാത്തതിനാണ് മെറ്റയെ പ്രതി ചേര്‍ത്തത്. വിവാദ കാഫിര്‍ പോസ്റ്റ് കൃത്രിമമായി ഉണ്ടാക്കിയവരെ കണ്ടെത്തണമെങ്കില്‍ മെറ്റ കമ്പനി വിവരം നല്‍കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
‘അമ്പലമുക്ക് സഖാക്കള്‍’ എന്ന ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട രണ്ട് ഫോണ്‍ നമ്പറുകള്‍ കിട്ടിയിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. മനീഷ്, സജീവ് എന്നിവരുടെ പേരിലെടുത്ത നമ്പറുകളാണ് ലഭിച്ചിരിക്കുന്നത്. മനീഷാണ് അമ്പലമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് കോടതിയെ അറിയിച്ചു.
റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ് ഗ്രൂപ്പില്‍ നിന്നാണ് മനീഷിന് വിവാദ പോസ്റ്റ് കിട്ടിയതെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. അമല്‍ റാം എന്നയാളാണ് റെഡ് ബറ്റാലിയന്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ ഇത് പോസ്റ്റ് ചെയ്തത്. അമ്പലമുക്ക് സഖാക്കളുടെ അഡ്മിനായ മനീഷ് സംശയം തോന്നി പോസ്റ്റ് പിന്നീട് പിന്‍വലിച്ചു. പോരാളി ഷാജിയെന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വിവാദ പോസ്റ്റ് ഇട്ടത് വഹാബെന്ന എന്ന ആളാണ്. വാട്‌സ് അപ് ഗ്രൂപ്പുകളില്‍ നിന്നാണ് ഇത് കിട്ടിയതെന്നാണ് വഹാബിന്റെ മൊഴി. പക്ഷേ എവിടെ നിന്നാണ് കിട്ടിയതെന്ന് ഇയാള്‍ വ്യക്തമാക്കിയില്ല.

Related Articles

Back to top button