ന്യൂഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ത്യന്‍ റെയില്‍വേയിലെ ജോലി രാജിവെച്ചു. നീക്കം കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയാണെന്നാണ് വിവരം. വരാനിരിക്കുന്ന ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. താരം തന്നെയാണ് ഇക്കാര്യം എക്‌സ് പ്ലാറ്റ് ഫോമില്‍ കൂടി അറിയിച്ചത്.
‘ഇന്ത്യന്‍ റെയില്‍വേയോട് ചേര്‍ന്നിരിക്കുന്ന എന്റെ ജീവിതത്തെ അതില്‍നിന്ന് വേര്‍പ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു. രാജിക്കത്ത് ബന്ധപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചു. രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതില്‍ ഇന്ത്യന്‍ റെയില്‍വേ കുടുംബത്തോട് എന്നും ഞാന്‍ നന്ദിയുള്ളവളായിരിക്കും’- വിനേഷ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ഗുസ്തി താരം ബജ്രംഗ് പുനിയയും വിനേഷും വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നുള്ള വിവരങ്ങളുണ്ടായിരുന്നു. മുന്‍ ബി.ജെ.പി. എം.പിയും. ഗുസ്തി ഫെഡറേഷന്‍ ചീഫുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ ലൈംഗികാതിക്രമാരോപണത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നവരാണ് ഇരുവരും. അതേസമയം ബജ്രംഗ് പുനിയ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. പ്രചരണ രംഗത്ത് ബജ്രംഗ് ഉണ്ടാകുമെന്നാണ് വിവരം.
100 ഗ്രാം തൂക്കം വര്‍ധിച്ചുവെന്ന കാരണത്താല്‍ പാരീസ് ഒളിമ്പിക്സില്‍ ഫൈനലിന് തൊട്ടുമുന്‍പ് അവര്‍ അയോഗ്യത നേരിട്ടിരുന്നു. രാജ്യത്ത് തിരിച്ചെത്തിയ താരത്തിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ വരവേല്‍പായിരുന്നു ലഭിച്ചത്. തുടര്‍ന്ന് ഗുസ്തിയില്‍നിന്ന് വിരമിച്ച വിനേഷ് സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നുള്ള അഭ്യൂഹങ്ങളുമുണ്ടായിരുന്നു. കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
71 Less than a minute