BREAKINGINTERNATIONALNATIONAL

വീടിന് പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല, ഭര്‍ത്താവിനെ കൊലപ്പെടുത്തിയ 45കാരിയെ കുടുക്കി മകന്‍, തടവ് ശിക്ഷ

ആഗ്ര: മകളേയും തന്നെയും വീടിന് പുറത്തിറങ്ങാന്‍ സമ്മതിക്കില്ല. ഭര്‍ത്താവിനെ മകളുടെ സഹായത്തോടെ കൊലപ്പെടുത്തിയ 45കാരിക്കെതിരെ മൊഴി നല്‍കി മകന്‍. യുവതിക്ക് ജീവപരന്ത്യം ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍ പ്രദേശിലെ ഹാത്രാസിലെ കോടതിയാണ് 45കാരിക്ക് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചത്. കാപാസ്യ ഗ്രാമവാസിയായ 45കാരിക്കെതിരെ നിര്‍ണായക തെളിവായത് 18കാരനായ മകന്റെ മൊഴിയായിരുന്നു.
ഓഗസ്റ്റ് 27നാണ് 45കാരിയായ കാന്തി ദേവി 17കാരിയായ മകളുടെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിലായിരുന്നു 45കാരിയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടത്. ഗുരുതരമായ പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ മരണപ്പെടുകയായിരുന്നു. വീണ് പരിക്കേറ്റുള്ള മരണമെന്ന് വിലയിരുത്തലില്‍ പോയ സംഭവത്തില്‍ വഴിത്തിരിവുണ്ടായത് 18കാരനായ മകന്‍ അന്വേഷണം ആവശ്യപ്പെട്ടതോടെയാണ്.
പിതാവിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയാണ് 18കാരന്‍ പൊലീസിനെ സമീപിച്ചത്. അന്വേഷണത്തില്‍ 45കാരിയും ഭര്‍ത്താവും തമ്മിലും കലഹം പതിവായിരുന്നുവെന്ന് വ്യക്തമായത്. ഭാര്യയ്ക്ക് നടപ്പ് ദോഷം ഉണ്ടെന്ന് ആരോപിച്ച് വീടിന് പുറത്തിറങ്ങാന്‍ പോലും ഭര്‍ത്താവ് അനുവദിച്ചിരുന്നില്ല. കാന്തി ദേവിക്ക് പിന്നാലെ മകളെയും വീടിന് പുറത്തേക്ക് പോലും വരാന്‍ പിതാവ് അനുവദിച്ചിരുന്നില്ല.
ഇതോടെ ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ 17കാരിയുടെ കേസ് ജുവനൈല്‍ കോടതിയാണ് പരിഗണിക്കുന്നത്. ജീവപരന്ത്യം കഠിന തടവിന് പുറമേ 25000 രൂപ പിഴയും കാന്തി ദേവി ഒടുക്കണം. അല്ലാത്ത പക്ഷം ശിക്ഷ ആറുമാസം കൂടി അനുഭവിക്കണമെന്നാണ് കോടതി വിശദമാക്കിയിട്ടുള്ളത്.

Related Articles

Back to top button