BREAKINGKERALA
Trending

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി മുഹമ്മദ്, എസ്.പി റസിയ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. അതേസമയം കേസിന്റെ വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍, നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സംഭവം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്തിമ അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ ഫയല്‍ ചെയ്തു. അതിനാല്‍ സി.ബി.ഐ. അന്വേഷണം എന്ന ആവശ്യത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണം സി.ബി.ഐക്കു വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കേസിലെ ചില പ്രതികള്‍ക്ക് സി.പി.എമ്മുമായുള്ള അടുത്തബന്ധത്തെ കുറിച്ച് കേരള പോലീസ് അന്വേഷണം നടത്തിയില്ലെന്ന് ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും അഭിഭാഷകന്‍ എം.ആര്‍. രമേശ് ബാബുവും ചൂണ്ടിക്കാട്ടി. കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയവര്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നും അഭിഭാഷകര്‍ വാദിച്ചു. തുടര്‍ന്നാണ് വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ്് കോണ്‍സല്‍ സി.കെ. ശശി എന്നിവരാണ് ഹാജരായത്. സുപ്രീം കോടതിയുടെ പരിഗണനയില്‍ കേസ് ആയിരുന്നതിനാലാണ് വിചാരണ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ ആരംഭിക്കാത്തതെന്ന് ഇരുവരും കോടതിയില്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button