BREAKINGKERALA
Trending

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വയനാട്ടില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
രാവിലെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെവരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചതോടെ വയനാട്ടില്‍ ഇന്ന് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
ഇത്തരം സ്ഥലങ്ങളില്‍ ഉള്ളവര്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറായി ഇരിക്കണമെന്നും നിര്‍ദേശമുണ്ട്. ഉരുള്‍പൊട്ടലില്‍ കെടുതി അനുഭവിക്കുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇന്ന് വിദ്യാഭാസ വകുപ്പ് പ്രത്യേക പരിശീലനം നല്‍കും. സെപ്റ്റംബര്‍ രണ്ടിന് പ്രവേശനോത്സവം നടക്കാനിരിക്കെയാണ് നടപടി. നിയമസഭ പരിസ്ഥിതി സമിതി ഇന്ന് ചൂരല്‍മല സന്ദര്‍ശിക്കും.

Related Articles

Back to top button